സി.പി.എം ഓഫിസുകളിൽ ആദ്യമായി സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയരും
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഓഫിസുകളില്‍ ദേശീയ പതാക ഉയര്‍ത്താൻ സി.പി.എം. ചരിത്രത്തിലാദ്യമായാണ് സി.പി.എം പാര്‍ട്ടി ഓഫിസുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തീരുമാനിക്കുന്നത്. രാജ്യത്തിന്‍റെ 75ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനമെന്ന് മുതിർന്ന സി.പി.എം നേതാവ് സുജൻ ചക്രബർത്തി പറഞ്ഞു.
അതേസമയം, സി.പി.എം ആദ്യമായാണ് ഇത്തരത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതെന്ന വാദത്തെ സുജൻ ചക്രബർത്തി തള്ളി. വ്യത്യസ്തമായ തരത്തിലാണ് നേരത്തെ സ്വാതന്ത്ര്യ ദിനത്തെ സി.പി.എം ആഘോഷിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണയായി സി.പി.എം സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത് ഫാഷിസ്റ്റ് ശക്തികളാലും വര്‍ഗീയ ശക്തികളാലും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും സംവാദങ്ങളും ചര്‍ച്ചകളും നടത്തിക്കൊണ്ടാണ്. ഇത്തവണ അത് കൂടുതല്‍ വിപുലമായി നടത്താനാണ് ഉദ്ദേശിക്കുന്നത് -വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് സുജൻ ചക്രബർത്തി പറഞ്ഞു.
2019 ലോക്സഭ തെരഞ്ഞെടുപ്പിലും 2021 പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് നേരിട്ട കനത്ത പരാജയത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ പുതിയ നീക്കം. ദേശീയതയുമായി ബന്ധപ്പെട്ട് എതിര്‍കക്ഷികള്‍ നിരന്തരം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നതിനും ഇതുവഴി പരിഹാരമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ചൈന, ക്യൂബ, വിയറ്റ്നാം എന്നീ രാജ്യങ്ങളോട് പലപ്പോഴും കൂടുതൽ സഹാനുഭൂതി പ്രകടിപ്പിച്ച മാർക്സിസ്റ്റ് പാർട്ടി, രാജ്യത്തിന്‍റെ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരാജയപ്പെടുന്നു എന്ന ആരോപങ്ങള്‍ നിലനില്‍ക്കുന്ന ഘട്ടത്തില്‍ കൂടിയാണ് ഈ തീരുമാനം. സി.പി.ഐയില്‍ നിന്ന് പിളര്‍ന്ന് സി.പി.എം രൂപീകരിച്ച സമയം മുതല്‍ 'ഈ സ്വാതന്ത്ര്യം വ്യാജമാണ്' എന്ന മുദ്രാവാക്യമാണ് സ്വാതന്ത്ര്യ ദിനത്തില്‍ സിപിഎം ഉയര്‍ത്തിയിരുന്നത്.
ഇന്ത്യ-യു.എസ് ആണവ കരാറിനെ എതിർക്കാൻ ചൈന സി.പി.എം ഉൾപ്പെടെ ഇടത് പാർട്ടികളെ ഉപയോഗിച്ചുവെന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിൽ മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ തന്‍റെ പുസ്തകത്തിൽ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ, ഈ വാദം സി.പി.എം തള്ളിയിരുന്നു. ഇത്തരം ആരോപണങ്ങൾ കൂടി ഉയരുന്ന പശ്ചാത്തലത്തിലാണ് ദേശീയത ഉയർത്തിപ്പിടിക്കാനുള്ള പാർട്ടിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.