ഗവർണർക്കെതിരെ ദേശീയ നീക്കത്തിന് സി.പി.എം
text_fieldsന്യൂഡൽഹി: കേരളത്തിലെ ഇടതുപക്ഷ മുന്നണി സർക്കാറിനെ പ്രതിസന്ധിയിലാക്കിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ദേശീയതലത്തിൽ രാഷ്ട്രീയ നീക്കം നടത്താൻ ഡൽഹിയിൽ തുടരുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ധാരണയിലെത്തി. ഗവർണർക്കെതിരായ പാർട്ടി നീക്കത്തിന് പിന്തുണ തേടി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസ് ഉൾപ്പെടെയുള്ള ബി.ജെ.പിയിതര കക്ഷി നേതാക്കളുമായി ചർച്ച നടത്തും. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തോടെ ഒഴിവുവന്ന പോളിറ്റ് ബ്യൂറോയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര കമ്മിറ്റി ഇന്ന് തീരുമാനമെടുക്കും.
കേരള ഗവർണർക്കെതിരെ കേരളത്തിൽനിന്നടക്കമുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ രൂക്ഷവിമർശനത്തിനുശേഷമാണ് ദേശീയതലത്തിൽ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ ഗവർണർക്കെതിരായ നീക്കം നടത്താൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്. ഇതുസംബന്ധിച്ച ചർച്ചകൾക്കും യെച്ചൂരിയെ കേന്ദ്ര കമ്മിറ്റി ചുമതലപ്പെടുത്തി. ആദ്യ ദിവസം തുടങ്ങിയ ചർച്ചയിൽ രാജ്യത്തിന്റെ ഫെഡറൽ ഘടനക്കും ഭരണഘടനക്കും വിരുദ്ധമായ സമീപനമാണ് ഗവർണറുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ ഭരണഘടന തത്ത്വങ്ങൾ ലംഘിച്ച് ഗവർണർമാർ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ബി.ജെ.പിയിതര കക്ഷികളുമായി ചേർന്നുള്ള യോജിച്ച നീക്കം നടത്തുകയെന്ന ധാരണയിലെത്തുകയായിരുന്നു. അതിന്റെ ഭാഗമായി ഗവർണർമാരുടെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ദേശീയതലത്തിൽ പ്രചാരണം നടത്തണമെന്ന ആവശ്യവും അംഗങ്ങളിൽ നിന്നുയർന്നിരുന്നു.
ഗവർണർക്കെതിരായ നീക്കവുമായി ബന്ധപ്പെട്ട കൂടിയാലോചനക്കായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിൽനിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ കേരള ഹൗസിനോടു ചേർന്നുള്ള കൊച്ചിൻ ഹൗസിൽ ശനിയാഴ്ച രാത്രി കണ്ടിരുന്നു. 17 അംഗ പോളിറ്റ് ബ്യൂറോയിൽ നിലവിൽ കേരളത്തിൽനിന്ന് മൂന്നുപേരാണുള്ളത്.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് കേരളത്തിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുവന്ന എം.വി. ഗോവിന്ദനെ നിര്യാണം മൂലം പോളിറ്റ് ബ്യൂറോയിലുണ്ടായ ഒഴിവിലേക്കും ഉൾപ്പെടുത്തുന്ന കാര്യം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തു. എന്നാൽ, ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര കമ്മിറ്റിയിലാണ്. അതിനാൽ, തിങ്കളാഴ്ചത്തെ യോഗത്തിൽ ഗോവിന്ദന്റെ പി.ബി പ്രവേശനത്തിൽ അന്തിമ തീരുമാനമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.