ജഹാംഗീർപുരി സംഘർഷത്തിൽ ഡൽഹി പൊലീസ് പങ്ക് അന്വേഷിക്കണം; ഡൽഹി പൊലീസ് കമീഷണർക്ക് വൃന്ദ കാരാട്ടിന്‍റെ കത്ത്
text_fieldsന്യൂഡൽഹി: ഹനുമാൻ ജയന്തി ഘോഷയാത്രക്ക് പിന്നാലെ ജഹാംഗീർപുരിയിലുണ്ടായ അക്രമസംഭവങ്ങളിൽ പൊലീസിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് വൃന്ദകാരാട്ട് ഡൽഹി പൊലീസ് കമീഷണർക്ക് കത്തയച്ചു. വാളുകളും ലാത്തികളും തോക്കുകളുമായിട്ടാണ് ബജ്‌റംഗ്ദളിന്‍റെ യുവജനവിഭാഗം ഘോഷയാത്ര നടത്തിയതെന്ന് ടി.വി ചാനലുകളിൽ സംപ്രേഷണം ചെയ്ത വീഡിയോ തെളിവുകളും ദൃക്‌സാക്ഷി റിപ്പോർട്ടുകളുമുണ്ട്.
ഘോഷയാത്രക്ക് അനുമതിയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയതാണ്. ആയുധം കൊണ്ടുപോകാൻ പൊലീസ് അനുമതി നൽകിയോ? നോമ്പ് തുറക്കാനുള്ള കൃത്യസമയത്ത് പ്രകോപനപരവും ആക്രമണാത്മകവുമായ മുദ്രാവാക്യങ്ങൾ വിളിച്ച് സായുധ സംഘമുള്ള ജാഥക്ക് മസ്ജിദിന് മുന്നിൽ നിർത്താൻ അനുവദിച്ചതിന് ആരാണ് ഉത്തരവാദി? ഇതിനുമുമ്പ് ഈ പ്രദേശത്ത് വർഗീയ സ്വഭാവമുള്ള സംഭവങ്ങൾ ഉണ്ടായിട്ടില്ല. പൊലീസിന്‍റെ ഇത്തരം ബോധപൂർവമുള്ള വീഴ്ചകളാണ് പ്രശ്നം സൃഷ്ടിച്ചത്.
ഘോഷയാത്രയ്ക്ക് അനുമതി നൽകുന്നതിന് മുമ്പ് മുതിർന്ന ഉദ്യോഗസ്ഥർ സൂക്ഷ്മത ഉറപ്പുവരുത്തുകയും മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ആയുധങ്ങളുമായി ജാഥ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും ചെയ്തിരുന്നുവെങ്കിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലായിരുന്നു. ഘോഷയാത്രക്ക് ആയുധങ്ങൾ കൊണ്ടുപോകാൻ അനുവദിച്ച, മതിയായ ക്രമീകരണങ്ങളുടെ അഭാവത്തിന് ഉത്തരവാദികളായ, മസ്ജിദിന് മുന്നിൽ ഘോഷയാത്ര നിർത്താൻ അനുവദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കത്തിൽ ആവശ്യപ്പെട്ടു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരാണ്. എന്നാൽ, പ്രകോപനങ്ങളും ആസൂത്രണവും നടത്തിയത് ഘോഷയാത്ര നടത്തിയ ബജ്‌റംഗ്ദളിന്‍റെ അനുബന്ധ സംഘടനയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.