സി.പി.എമ്മിെൻറ ലീഗ് പ്രശംസ: കോൺഗ്രസിന് കൂടിയുള്ള സർട്ടിഫിക്കറ്റാണെന്ന് കെ.സി. വേണുഗോപാൽ
text_fieldsന്യൂഡൽഹി: മുസ്‍ലീം ലീഗിനെ കുറിച്ചുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവന കോൺഗ്രസിന് കൂടിയുള്ള സർട്ടിഫിക്കറ്റാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ലീഗ് വർഗീയ പാർട്ടിയല്ലെന്ന് എം.വി ഗോവിന്ദൻ പറയുന്നത് സി.പി.എമ്മിന്റെ അവസരവാദ നിലപാടിന്റെ ഉദാഹരണമാണ്. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി, കെ.എം മാണി എന്നിവരെക്കുറിച്ച് ഗുരുതരമായ പ്രസ്താവനകളാണ് സി.പി.എം നടത്തിയത്. ഇപ്പോൾ അത് തിരുത്തുന്നത് കോൺഗ്രസിന് കൂടിയുള്ള സർട്ടിഫിക്കറ്റാണ്.
ലീഗും കോൺഗ്രസും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമാണ്. മുന്നണി ബന്ധത്തിൽ ചെറിയ അസ്വാരസ്യങ്ങൾ സ്വാഭാവികമാണ്. ലീഗ് ചില വിഷയങ്ങളിൽ അവരുടെ ആശങ്ക പങ്കുവെക്കും. അത് പരിഹരിക്കലാണ് കോൺഗ്രസിന്റെ ഉത്തരവാദിത്വം. അങ്ങനെ ചെയ്യുമ്പോൾ കോൺഗ്രസ ലീഗിന് വഴങ്ങിയെന്നാണ് സി.പി.എം പറയാറുള്ളത്.
മുന്നണി വിടേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന് ലീഗ് നേതൃത്വം തന്നെ വ്യക്തമാക്കിയതാണ്. ജനങ്ങൾ സി.പി.എമ്മിന് എതിരായതിന്റെ അങ്കലാപ്പിലാണ് ഇപ്പോൾ ലീഗിനെക്കുറിച്ച് പ്രസ്താവനകൾ നടത്തുന്നത്. സർക്കാർ വിരുദ്ധ വികാരത്തിൽനിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് സി.പി.എം നേതൃത്വം നടത്തുന്നതെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.