ഡൽഹിയിൽ കലാപസാധ്യതയെന്ന് പൊലീസിന് സി.പി.എമ്മിന്‍റെ കത്ത്
text_fieldsന്യൂഡൽഹി: വി.എച്ച്.പി, ബജ്റംഗ്ദൾ സംഘടനകൾ പ്രതിഷേധം നടത്താനുള്ള തീരുമാനം ഡൽഹിയിലേക്ക് കലാപം വ്യാപിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും ജാഗ്രത വേണമെന്നും ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കമീഷണർക്ക് സി.പി.എം ഡൽഹി ഘടകം കത്തെഴുതി. മുസ്ലിം വിഭാഗത്തിനെതിരെ ലക്ഷ്യമിട്ട് നിരവധി പ്രകോപനപരമായ സമൂഹമാധ്യമ പോസ്റ്റുകളും വിഡിയോകളും പ്രചരിക്കുന്നുണ്ട്.
മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കുക, വീടുകൾ വാടകക്ക് നൽകാതിരിക്കുക, അവരെ പാകിസ്താനിലേക്ക് അയക്കുക എന്നിവ ആവശ്യപ്പെടുന്ന വിദ്വേഷ വിഡിയോകളാണുള്ളത്. ഇത്തരത്തിൽ ഒരു വിഡിയോ റെക്കോഡ് ചെയ്തിട്ടുള്ളത് നംഗോളി പൊലീസ് സ്റ്റേഷന് മുന്നിൽനിന്നാണ്. മുഹർറം ആഘോഷത്തോടനുബന്ധിച്ച് നംഗോളി പൊലീസ് സ്റ്റേഷൻ പരിധിയിൽ സാമുദായിക സംഘർഷം ഉണ്ടായിട്ടും വിദ്വേഷപ്രചാരണം അവസാനിപ്പിക്കാനുള്ള നടപടിയില്ല.
ഡൽഹിയിലെ വിവധ മേഖലകൾ വളരെ സംഘർഷ സാധ്യതയുള്ളതാണ്. 2020ലെ കലാപത്തിൽ 54 ജീവനാണ് നഷ്ടമായത്. വർഗീയകലാപത്തിന് സാധ്യതയുള്ള അന്തരീക്ഷമാണ് നിലവിൽ ഡൽഹിയിലേത്. പൊലീസ് ജാഗ്രതപാലിക്കണമെന്നും ആവശ്യമായ നടപടികൾ സീകരിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കെ.എം. തിവാരി ഡൽഹി പൊലീസ് കമീഷണർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.