ഇതുവരെ തകർന്നത് ഏഴ് എംഐ-17 ഹെലികോപ്റ്റർ; പൊലിഞ്ഞത് 50 ഓളം ജീവനുകൾ
text_fieldsപ്രധാനമന്ത്രിയുൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ ഉപയോഗിക്കുന്ന വിശ്വസ്ത കോപ്ടറാണ് റഷ്യൻ നിർമിത എംഐ-17 ഹെലികോപ്റ്ററുകൾ. ഈ വിഭാഗത്തിലെ ഏറ്റവും അത്യാധുനിക കോപ്ടറാണ് എം.ഐ 17 വി-അഞ്ച്. 2018ലാണ് അവസാന ബാച്ച് കോപ്ടറുകൾ റഷ്യ ഇന്ത്യക്ക് കൈമാറിയത്.
ഏത് അർധ രാത്രിയിലും പ്രതികൂല കാലാവസ്ഥയിലും എവിടെയും ഇറങ്ങാൻ കഴിയുന്ന ഈ ചോപ്പറിന് പരാമാവധി 13,000 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുണ്ട്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും.
എന്നാൽ, ഈ അതികായൻ വരുത്തിവെച്ച അപകടങ്ങളും കുറവല്ല. 2012മുതൽ 2021 വരെ ഏഴ് ദുരന്തങ്ങളാണ് എം.ഐ ഹെലികോപ്റ്ററുകൾ മൂലമുണ്ടായത്. രാജ്യത്തെ സംയുക്ത സൈന്യാധിപൻ അടക്കം 50 ഓളം പേർക്കാണ് ഈ അപകടങ്ങളിൽ ജീവൻ നഷ്ടമായത്.
2010 മുതൽ ഇന്ത്യയിൽ നടന്ന എംഐ-17 അപകടങ്ങൾ
2021 ഡിസംബർ 08: ഊട്ടിയിലെ കൂനൂരിൽ വ്യോമസേനയുടെ എംഐ-17 വി5 ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും അടക്കം 13 പേർക്ക് ദാരുണാന്ത്യം. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ ലിദ്ദർ, ലഫ്റ്റനന്റ് കേണൽ ഹർജിന്ദർ സിങ്, നായിക് ഗുരുസേവക് സിങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ്നായിക് വിവേക് കുമാർ, ലാൻസ്നായിക് ബി. സായി തേജ, ഹവിൽദാർ സത്പാൽ തുടങ്ങിയവരാണ് മരിച്ചത്.
2019 ഫെബ്രുവരി 27: ഇന്ത്യൻ എയർഫോഴ്‌സിന്‍റെ എംഐ-17വി5 ഹെലികോപ്റ്റർ ജമ്മു കശ്മീരിലെ ബുദ്ഗാമിൽ തകർന്നു വീണ് ആറ് വ്യോമസേന ഉദ്യോഗസ്ഥർ മരിച്ചു. പതിവ് പരിശീലന പറക്കലിെൻറ ഭാഗമായി രാവിലെ 10 മണിയോടെ ശ്രീനഗറിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ 10.10 ഓടെ തകരുകയായിരുന്നു.
2018 ഏപ്രിൽ 3: ഗുപ്ത്കാശിയിൽ നിന്ന് കേദാർനാഥിലേക്ക് സംസ്ഥാന സർക്കാറിന് വേണ്ടി പറന്ന എംഐ-17വി5 ഹെലികോപ്റ്റർ കേദാർനാഥിന് സമീപം തകർന്നു. ഹെലിപാഡിന് സമീപം ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ആറ് യാത്രക്കാരും രക്ഷപ്പെട്ടു.
2017 ഒക്‌ടോബർ 6: അരുണാചൽ പ്രദേശിലെ തവാങിന് സമീപം എംഐ-17വി5 ഹെലികോപ്റ്റർ തകർന്ന് ഏഴ് വ്യോമസേന ഉദ്യോഗസ്ഥർ മരിച്ചു.
2013 ജൂൺ 25: ഗൗച്ചറിൽ രക്ഷാപ്രവർത്തനത്തിനെത്തിയ എംഐ-17വി5 മടങ്ങുമ്പോൾ ഗൗരികുണ്ഡിന് സമീപം തകർന്നു. അഞ്ച് ജീവനക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന എട്ട് പേർക്ക് ദാരുണാന്ത്യം
2012 ഓഗസ്റ്റ് 30: രണ്ട് എംഐ-17 ഹെലികോപ്റ്ററുകൾ ഗുജറാത്തിലെ സർമാത് ഗ്രാമത്തിൽ കൂട്ടിയിടിച്ച് തകർന്നു. പതിവ് പരിശീലന പറക്കലിന്‍റെ ഭാഗമായി ജാംനഗർ എയർബേസിൽ നിന്ന് പറന്നുയർന്നതായിരുന്നു ഹെലികോപ്റ്ററുകൾ. ഒമ്പത് സൈനികർ വീരമൃത്യു വരിച്ചു
2010 നവംബർ 19: വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റർ അരുണാചൽ പ്രദേശിലെ തവാങ്ങിന് സമീപം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 12 പേരും മരിച്ചു. ഹെലികോപ്റ്റർ ജീവനക്കാരുൾപ്പെടെ 11 വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു സൈനിക ഉദ്യോഗസ്ഥനുമാണ് ഉണ്ടായിരുന്നത്. തവാംഗിൽ നിന്ന് ഗുവാഹത്തിയിലേക്ക് പറന്നുയർന്ന വിമാനം അഞ്ച് മിനിറ്റിന് ശേഷം ബോംദിർ എന്ന സ്ഥലത്ത് തകർന്നു വീഴുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.