പൊതുമേഖലയിലും ബാങ്കിലും മേൽത്തട്ട്
text_fieldsന്യൂഡൽഹി: കേന്ദ്ര പൊതുമേഖലസ്ഥാപനങ്ങളിലും ബാങ്ക്, ഇൻഷുറൻസ് തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളിലും മറ്റു പിന്നാക്കവിഭാഗങ്ങൾക്കിടയിൽ (ഒ.ബി.സി)മേൽത്തട്ട്പരിധി ബാധകമാക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കേന്ദ്രസർക്കാർ ജോലികളിലെന്നപോലെ ഇൗ സ്ഥാപനങ്ങളിലെ തസ്തികകളിൽ ക്രീമിലെയർ ബാധകമായിരിക്കും.
മേൽത്തട്ടിെൻറ വാർഷികവരുമാനപരിധി ആറുലക്ഷത്തിൽ നിന്ന് എട്ടു ലക്ഷം രൂപയാക്കിയതിനുപിന്നാലെയാണ് പുതിയ തീരുമാനം. ഒ.ബി.സി വിഭാഗങ്ങളിൽ ദുർബലരായവർക്ക് കൂടുതൽ അവസരം കിട്ടുന്നതിന് പുതിയ തീരുമാനം സഹായിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വിശദീകരിച്ചു. ഉയർന്നവരുമാനം, ഉയർന്നപദവി എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ക്രീമിലെയർ നടപ്പാക്കുന്നത്. പൊതുമേഖലബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ, പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ എന്നിവയിലെ ക്ലർക്ക്, പ്യൂൺ എന്നിവരുടെ കാര്യത്തിൽ എട്ടുലക്ഷമെന്ന വാർഷിക വരുമാന പരിധിയാണ് മേൽത്തട്ടിന് മുന്നോട്ടുവെക്കുക.
പൊതുമേഖലസ്ഥാപനങ്ങളിലെ എല്ലാ എക്സിക്യൂട്ടിവ്, ബോർഡ്, മാനേജീരിയൽ തസ്തികകൾ സർക്കാറിലെ ഗ്രൂപ്-എ തസ്തികക്ക് തുല്യമായി കണക്കാക്കി മേൽത്തട്ട്പരിധി ബാധകമാക്കും. പൊതുമേഖല ബാങ്കുകളിലെയും ധനകാര്യസ്ഥാപനങ്ങളിലെയും പൊതുമേഖല ഇൻഷുറൻസ് കോർപറേഷനുകളിലെയും ജൂനിയർ മാനേജ്മെൻറ് ഗ്രേഡ് സ്കെയിൽ-ഒന്നും അതിനുമുകളിലും വരുന്ന തസ്തികകൾ സർക്കാറിലെ ഗ്രൂപ്-എക്കുതുല്യമായി കണ്ട് ക്രീമിലെയറിന് പരിഗണിക്കും.
ഇതൊരു പൊതുവായ മാർഗനിർദേശമാണ്. ഒാരോ ബാങ്കും പൊതുമേഖലസ്ഥാപനവും ഇൻഷുറൻസ്കമ്പനിയും ബന്ധെപ്പട്ട ബോർഡിെൻറ പരിഗണനക്ക് വിട്ട് തസ്തികകളുടെ കാര്യത്തിലെ മേൽത്തട്ട് തീരുമാനിക്കുമെന്ന് സർക്കാർ വിശദീകരിച്ചു. ഉയർന്ന പദവികളിലിരിക്കുന്നവർക്കും അവരുടെ ആശ്രിതർക്കും ഒ.ബി.സി സംവരണാനുകൂല്യം ലഭിക്കില്ല.
സർക്കാർ ഒഴിവുകളിൽ 27 ശതമാനം ഒ.ബി.സി ക്വോട്ട അംഗീകരിച്ചും ‘മേൽത്തട്ട്’ നിർവചിച്ചും 1993ലാണ് പഴ്സനൽ മന്ത്രാലയം ഉത്തരവിറക്കിയത്. എന്നാൽ, പൊതുമേഖലയിലെ ഉയർന്നപദവികളുടെ കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. ഗ്രൂപ്-എ, ബി തസ്തികകൾക്ക് സമാനമായ പദവികളിൽ സംവരണം ബാധകമാവില്ല എന്നുമാത്രമാണ് പറഞ്ഞത്. എന്നാൽ, ആ തസ്തികകൾ ഏതൊക്കെയെന്ന് നിർവചിക്കുന്നതുകൂടിയാണ് ഇപ്പോഴത്തെ മന്ത്രിസഭതീരുമാനം.
തസ്തിക വ്യക്തമായി പറയാത്തതിനാൽ ക്രീമിലെയറിൽ വരുന്നവരും സംവരണാനുകൂല്യം പറ്റുന്ന സ്ഥിതി ഇപ്പോഴുണ്ട്. ഒ.ബി.സി വിഭാഗങ്ങൾക്കിടയിൽ അർഹരായ കൂടുതൽ പേർക്ക് സംവരണാനുകൂല്യം ലഭ്യമാക്കുന്നതാണ് മന്ത്രിസഭതീരുമാനമെന്നും അധികൃതർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.