വിശ്വാസ്യത തകർന്ന് എൻ.ടി.എ; പരീക്ഷ നടത്തിപ്പ് ഏൽപിക്കുന്നത് സ്വകാര്യ ഏജൻസികളെ
text_fieldsന്യൂഡൽഹി: നീറ്റ്, യു.ജി.സി നെറ്റ് പോലുള്ള ദേശീയ പ്രവേശന പരീക്ഷകൾ കാര്യക്ഷമമായി നടത്താൻ കേന്ദ്രസർക്കാർ രൂപവത്കരിച്ച ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ)യുടെ വിശ്വാസ്യത തകർന്നു. അടിക്കടി ഉയരുന്ന ചോദ്യപേപ്പർ ചോർച്ച ആരോപണവും നടത്തിപ്പിലെ സുതാര്യതയില്ലായ്മയുമാണ് ഏജൻസിയുടെ പ്രവർത്തനത്തെ സംശയമുനയിൽ നിർത്തുന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെ പരീക്ഷ നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപിക്കുന്നതും ചോദ്യപേപ്പർ വേണ്ടത്ര സുരക്ഷയില്ലാതെ കൈകാര്യം ചെയ്യുന്നതും ഈയിടെ പുറത്തുവന്നിരുന്നു.
2017ൽ ഒന്നാം മോദി സർക്കാറാണ് 1860ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് അനുസരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ഏജൻസി രൂപവത്കരിച്ചത്. അതുവരെ യു.ജി.സി, സി.ബി.എസ്.ഇ, വിവിധ സർവകലാശാലകൾ എന്നിവ നടത്തിയിരുന്ന പ്രവേശന പരീക്ഷകൾ എൻ.ടി.എ ഏറ്റെടുത്തു. ജെ.ഇ.ഇ മെയിൻ, നീറ്റ് -യു.ജി, സി.യു.ഇ.ടി- യു.ജി എന്നീ പ്രധാന പരീക്ഷകൾ പ്രതിവർഷം 50 ലക്ഷത്തോളം വിദ്യാർഥികളാണ് എഴുതുന്നത്. ഇതിനു പുറമെ സി.യു.ഇ.ടി -പി.ജി, യു.ജി.സി -നെറ്റ്, സി.എസ്.ഐ.ആർ യു.ജി.സി -നെറ്റ് തുടങ്ങിയ പരീക്ഷകളും എൻ.ടി.എക്ക് കീഴിലാണ്.
സർക്കാർ സ്ഥാപനങ്ങളിൽ എൻ.ടി.എയുടെ പരീക്ഷകൾ നടത്താറില്ല. മേൽനോട്ട ചുമതലയും സർക്കാർ ഉദ്യോഗസ്ഥർക്കല്ല. സ്വകാര്യസ്ഥാപനങ്ങളുടെ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് സ്വകാര്യ ഏജൻസികൾ വഴിയാണ് പരീക്ഷകൾ നടത്തിയിരുന്നത്. ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ ഓൺലൈനായി നടക്കുന്ന പരീക്ഷകളിൽ സൈബർ സുരക്ഷ ഉറപ്പാക്കാൻ എൻ.ടി.എക്ക് കഴിയുന്നില്ലെന്നും വിമർശനം ഉയർന്നിരുന്നു.
എൻ.ടി.എ നടത്തുന്ന പരീക്ഷകളെക്കുറിച്ച് 2020 മുതൽ പരാതി ഉയർന്നിരുന്നു. ജെ.ഇ.ഇ (മെയിൻ), നീറ്റ് യു.ജി എന്നിവയിൽ ക്രമക്കേട് റിപ്പോർട്ട് ചെയ്യപ്പെട്ടു. 2022ൽ ജെ.ഇ.ഇ (മെയിൻ) പരീക്ഷക്കിടെ സാങ്കേതിക തടസ്സമുണ്ടായെന്ന് പരാതി ഉയർന്നിരുന്നു. സി.യു.ഇ.ടി പരീക്ഷാകേന്ദ്രങ്ങൾ അവസാനനിമിഷം മാറ്റുന്ന സംഭവങ്ങളുമുണ്ടായി. ഇതുസംബന്ധിച്ച അറിയിപ്പുകൾ രാത്രി വൈകി ഇ-മെയിലായി വിദ്യാർഥികൾക്ക് ലഭിച്ചതും പരാതിക്ക് ഇടയാക്കിയിരുന്നു. ഏറ്റവും ഒടുവിലാണ് ഈവർഷത്തെ നീറ്റ് -യു.ജി പരീക്ഷ ക്രമക്കേടും പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.