സ്ത്രീകൾക്കെതിരായ അതിക്രമം പൊറുക്കാനാവാത്ത പാപം -നരേന്ദ്രമോദി
text_fieldsന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാനാവാത്ത പാപമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റവാളികളെ ഒരിക്കലും വെറുതെ വിടരരുതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ജൽഗാവോണിൽ ലഖ്പതി ദീദി സമ്മേളനം അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ശക്തി വർധിപ്പിക്കുന്നതിനൊപ്പം അവരുടെ സുരക്ഷയും രാജ്യത്തിന്റെ മുൻഗണനയാണ്. താൻ ഈ വിഷയം ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഏത് സംസ്ഥാനമായാലും അവിടത്തെ സഹോദരിമാരുടെയും പെൺമക്കളുടെയും വേദനയും ദേഷ്യവും മനസിലാക്കാൻ കഴിയും. -മോദി പറഞ്ഞു.
ഒരിക്കൽ കൂടി രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സംസ്‍ഥാന സർക്കാറുകളോടും പറയുകയാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യം പൊറുക്കാൻ കഴിയാത്ത പാപമാണ്. സ്ത്രീകൾക്കെതിരെ കുറ്റകൃത്യം നടത്തുന്നത് ആരുതന്നെയായാലും ശിക്ഷിക്കപ്പെടണം.-മോദി പറഞ്ഞു.
ആരെങ്കിലും കുറ്റവാളിക്ക് സഹായം നൽകുന്നുണ്ടെങ്കിൽ അവരും ശിക്ഷിക്കപ്പെടണം. ആശുപത്രികൾ, സ്കൂളുകൾ, സർക്കാർ ഓഫിസുകൾ, പൊലീസ് ഓഫിസുകൾ തുടങ്ങി എവിടെയും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടന്നാൽ നടപടിയുണ്ടാകണം. സർക്കാരുകൾ മാറിക്കൊണ്ടേയിരിക്കും. എന്നാൽ സ്ത്രീകളുടെ അന്തസും ജീവനും സംരക്ഷിക്കൽ എല്ലാവരുടെയും ഉത്തരവാദിത്തമായി കണക്കാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊൽക്കത്തയിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.