പിടികിട്ടാപ്പുള്ളിയായിരിക്കെ കണ്ണൂരിൽ അറസ്റ്റിലായ ബിട്ടി മൊഹന്തി മരിച്ചു
text_fieldsഭുവനേശ്വർ: രാജസ്ഥാനിൽ ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കവേ പരോളിലിറങ്ങി കേരളത്തിലേക്കുകടന്ന് ആൾമാറാട്ടത്തിലൂടെ ജോലി നേടി ഒടുവിൽ പിടിയിലായ ഒഡിഷ സ്വദേശി ബിട്ടി ഹോത്ര മൊഹന്തി (40) മരിച്ചു. അർബുദബാധിതനായി ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒഡിഷ മുൻ ഡി.ജി.പി (ജയിൽ) ബി.ബി. മൊഹന്തിയുടെ മകനാണ്.
ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കവേ, രോഗിയായ അമ്മയെ കാണാൻ 2006ല്‍ പരോളിലിറങ്ങിയ ശേഷം മുങ്ങി കേരളത്തിൽ കഴിയുകയായിരുന്നു. രാഘവ് രാജ് എന്ന പേരിൽ പത്താം ക്ലാസ് മുതല്‍ എന്‍ജിനീയറിങ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വരെ വ്യാജമായി ഉണ്ടാക്കി. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് എം.ബി.എ ബിരുദമെടുത്തു. തുടര്‍ന്ന് എസ്.ബി.ടി ശാഖയില്‍ പ്രബേഷനറി ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു. അഞ്ചുവര്‍ഷം കണ്ണൂരില്‍ താമസിച്ച ബിട്ടിയെ 2013ല്‍ പഴയങ്ങാടി പൊലീസ് തിരിച്ചറിഞ്ഞ് കേസെടുക്കുകയായിരുന്നു.
എന്നാൽ, രാഘവ് രാജ് ബിട്ടിയാണെന്ന് തെളിയിക്കാൻ പ്രാഥമിക അന്വേഷണത്തിൽ സാധിച്ചിരുന്നില്ല. രാഘവ് രാജ് എന്ന പേരില്‍ കഴിയുന്നത് ബിട്ടി മൊഹന്തിയാണെന്നുകാണിച്ച് ബാങ്ക് അധികൃതര്‍ക്കും പൊലീസിനും ലഭിച്ച ഒരു കത്തിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് രാജസ്ഥാൻ പൊലീസ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി. 2023ൽ സുപ്രീംകോടതിയിൽനിന്ന് ജാമ്യം നേടി ഒഡിഷയിലെത്തി ഹൈകോടതി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.