'പശുവിനെയും എരുമയേയും തിരിച്ചറിയാനാവാത്ത ക്രിമിനലുകള്‍ക്ക് ഒരു മതക്കാരെ പേരു നോക്കി കൊല്ലാന്‍ അറിയാം'
text_fieldsഹൈദരാബാദ്: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും ഹിന്ദുത്വ വാദികളുമായി ബന്ധമില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ശ്രമങ്ങളെ പരിഹസിച്ച് എ.ഐ.എം.ഐ.എം മേധാവിയും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. പശുവിനെയും എരുമയേയും തിരിച്ചറിയാനാവാത്ത ക്രിമിനലുകള്‍ക്ക് ഒരു പ്രത്യേക മതക്കാരെ പേരു നോക്കി തിരിച്ചറിഞ്ഞ് കൊല്ലാന്‍ നന്നായി അറിയാമെന്ന് ഉവൈസി ട്വീറ്റ് ചെയ്തു. ഈ ക്രിമിനലുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് ഹിന്ദുത്വ സര്‍ക്കാറാണെന്നും അദ്ദേഹം പറഞ്ഞു.
പശുവിനെയും എരുമയെയും തിരിച്ചറിയാനാകില്ലെങ്കിലും, ജുനൈദ്, അഖ്‌ലാഖ്, പെഹ്ലു, രഖ്ബര്‍, അലിമുദ്ദീന്‍ തുടങ്ങിയ പേരുകള്‍ തിരിച്ചറിഞ്ഞ് കൊലപ്പെടുത്താന്‍ നന്നായി അറിയാം -ഗോരക്ഷക ഗുണ്ടകളുടെ നിരവധി കൊലപാതകങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ഉവൈസി പറഞ്ഞു.
അലിമുദ്ദീന്റെ കൊലയാളികള്‍ കേന്ദ്ര മന്ത്രിയുടെ കൈയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. അഖ്‌ലാഖിന്റെ കൊലയാളിയുടെ മേല്‍ ത്രിവര്‍ണ പതാക പുതപ്പിക്കുന്നു, ആസിഫിന്റെ കൊലയാളിക്ക് പിന്തുണയുമായെത്തിയത് ഒരു മഹാപഞ്ചായത്ത് തന്നെയാണ് -ഉവൈസി ചൂണ്ടിക്കാട്ടി. ഭീരുത്വം, അക്രമം, കൊലപാതകം എന്നിവ ഗോഡ്സെയുടെ ഹിന്ദുത്വ ചിന്തയുടെ അവിഭാജ്യ ഘടകമാണ്. മുസ്ലിംകളെ കൊന്നൊടുക്കുന്നതും ഇതേ ചിന്തയുടെ ഫലമാണ് -ഉവൈസി പറഞ്ഞു.
കഴിഞ്ഞ ദിവസം ആര്‍.എസ്.എസിന്റെ മുസ്ലിം വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവരും ഹിന്ദുത്വവാദികളും തമ്മില്‍ ബന്ധമില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അവിടെ ഹിന്ദുവിനോ മുസ്ലിമിനോ മേധാവിത്വം നേടാനാകില്ല. ഇന്ത്യക്കാരനാണ് മേധാവിത്വം. ആരാധനയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാനാവില്ല. ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡി.എന്‍.എ ഒന്നാണ്. അവരുടെ മതം ഏതായാലും. ഇന്ത്യയില്‍ ഇസ്ലാം അപകടത്തിലാണ് എന്ന കെണിയില്‍ ആരും വീഴരുതെന്നും മോഹന്‍ ഭാഗവത് ഇന്നലെ നടന്ന ചടങ്ങില്‍ പ്രസംഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.