'ഭാര്യയെ ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിക്കാത്തത് ക്രൂരതയല്ല'; ഭർത്താവിനെതിരായ ലുക്ക് ഔട്ട് നോട്ടീസ് സ്റ്റേ ചെയ്ത് കർണാടക ഹൈകോടതി
text_fieldsബംഗളൂരു: ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ ഭർത്താവ് അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ പരാതിയിൽ ഭർത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പൊലീസിന്‍റെ നടപടി സ്റ്റേ ചെയ്ത് കർണാടക ഹൈകോടതി. യു.എസിൽ ജോലിയുണ്ടായിരുന്ന ഭർത്താവിന് ലുക്ക് ഔട്ട് നോട്ടീസ് കാരണം അങ്ങോട്ട് പോകാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് കോടതിയിൽ ഹരജി നൽകിയത്.
കുഞ്ഞുണ്ടായതിന് ശേഷം ഫ്രഞ്ച് ഫ്രൈസ്, ചോറ്, മാംസം എന്നിവ കഴിക്കാൻ ഭർത്താവ് അനുവദിക്കുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. പ്രസവത്തിന് പിന്നാലെ ഇവർക്ക് കൂടിയ രക്തസമ്മർദമുണ്ടായിരുന്നു. ഭാരം വർധിക്കുമെന്ന കാരണത്താൽ ഭർത്താവ് ഇവരെ ഫ്രഞ്ച് ഫ്രൈസ് ഉൾപ്പെടെ ഏതാനും ഭക്ഷണങ്ങൾ കഴിക്കാൻ അനുവദിച്ചിരുന്നില്ല.
യുവതിയുടെ പരാതിയെ തുടർന്ന് സ്ത്രീധനപീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് പൊലീസ് കേസെടുത്തത്. പിന്നാലെ ഭർത്താവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
എന്നാൽ, പൊലീസിന്‍റെ നടപടി ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. അധികാര ദുർവിനിയോഗമാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിലൂടെ പൊലീസ് ചെയ്തത്. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കേണ്ട ഒരു കുറ്റകൃത്യവും നടന്നിട്ടില്ല. ഭർത്താവ് യു.സിലേക്ക് മടങ്ങിപ്പോകുന്നത് തടയാനുള്ള പരാതിക്കാരിയുടെ നീക്കമായി ഇതിനെ കാണേണ്ടിയിരിക്കുന്നു -കോടതി പറഞ്ഞു.
കേസ് വീണ്ടും പരിഗണിക്കുന്ന സെപ്റ്റംബർ 21 വരെയാണ് ലുക്ക് ഔട്ട് നോട്ടീസ് സ്റ്റേ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.