വിധിന്യായത്തെ വിമർശിക്കാം; ജഡ്ജിക്കു നേരെ പാടില്ല -ജസ്റ്റിസ് യു.യു ലളിത്
text_fieldsന്യൂഡൽഹി: വിധിന്യായത്തെ ക്രിയാത്മകമായി വിമർശിക്കാൻ ആർക്കും അധികാരമുണ്ടെന്നും എന്നാൽ വിധി പ്രസ്താവിച്ച ജഡ്ജിയെ വ്യക്തിപരമായി വിചാരണ ചെയ്യരുതെന്നും നിയുക്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത്. ജഡ്ജിമാർക്കു നേരായ വ്യക്തിഹത്യയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ വിധിന്യായത്തിലൂടെയും ഉത്തരവിലൂടെയുമാണ് ജഡ്ജി സംസാരിക്കുന്നത്. പൊതുമണ്ഡലത്തിൽ ജഡ്ജി എന്തു പറഞ്ഞാലും ആർക്കും വിമർശനവിധേയമാക്കുകയോ വിലയിരുത്തുകയോ ചെയ്യാം. വിമർശിക്കുന്നവർ നിയമ വിദഗ്ധനോ സാധാരണ വ്യക്തിയോ ആരുമായിക്കൊള്ളട്ടെ. വിധിന്യായത്തെ ആണ് ആളുകൾ ഓർക്കേണ്ടത് അല്ലാതെ അതിനു പിന്നിലെ ജഡ്ജിയെ അല്ലെന്നും ലളിത് വ്യക്തമാക്കി. നേരത്തേ പല ജഡ്ജിമാരും സമാന വാദഗതികൾ ഉയർത്തിയിരുന്നു.
ബി.ജെ.പി നേതാവ് നൂപുർ ശർമയുടെ വിവാദ പ്രസ്താവനയെ തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോഴും കടുത്ത വിമർശനം നേരിടുകയാണ്. അതിനു പിന്നാലെ ടെലിവിഷനുകളിലും സമൂഹ മാധ്യമങ്ങളിലും നടക്കുന്ന ചർച്ചകളെ കംഗാരു കോടതി എന്നാണ് ചീഫ് ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടത്. ആഗസ്റ്റ് 27നാണ് രമണയുടെ പിൻഗാമിയായി ലളിത് ചുമതലയേൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.