'രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചതിന് മതനിന്ദ കുറ്റം ചുമത്തരുത്'
text_fieldsന്യൂഡൽഹി: ആരോഗ്യകരമായ ജനാധിപത്യത്തിന് വിയോജിപ്പിന്‍റെ ശബ്ദം അനിവാര്യമാണെന്ന് വ്യക്തമാക്കി ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിന് ഡൽഹി സെഷൻസ് കോടതി ജാമ്യം നൽകി. ഡൽഹി പൊലീസ് ആദ്യമായി അറസ്റ്റ് ചെയ്ത 2018ലെ ട്വീറ്റ് കേസിലാണ് ജാമ്യം. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചുവെന്ന് കരുതി വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതിനുള്ള 153എ, മതനിന്ദക്കുള്ള 295എ എന്നീ വകുപ്പുകൾ ഡൽഹി പൊലീസ് ചുമത്തിയതിന് ന്യായീകരണമില്ലെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി ദേവേന്ദർ കുമാർ ജംഗാല ജാമ്യ ഉത്തരവിൽ വ്യക്തമാക്കി. അതേസമയം, രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചിട്ടും ജയിലിൽ തുടരുന്ന സുബൈറിന് മോചനം ലഭിക്കാൻ മറ്റു കേസുകൾ റദ്ദാക്കാനുള്ള അപേക്ഷ സുപ്രീംകോടതി അനുവദിക്കണം.
ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് കഴിഞ്ഞ മാസം 27ന് 2018ലെ ട്വീറ്റ് കേസിൽ മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 1983ൽ റിലീസ് ചെയ്ത ഹിന്ദി സിനിമ 'കിസി സേ ന കഹ്നാ'യിലെ ഫോട്ടോ '2014ന് മുമ്പ് ഹണിമൂൺ ഹോട്ടൽ, 2014ന് ശേഷം ഹനുമാൻ ഹോട്ടൽ' എന്ന് കുറിച്ച് ട്വീറ്റ് ചെയ്തതിനായിരുന്നു കേസ്.
ഹനുമാൻ ഭക്ത് എന്ന വ്യാജ ഐ.ഡിയുടെ ഉടമ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇതുവരെയും ആ പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്താത്തത് ഡൽഹി കോടതി ചൂണ്ടിക്കാട്ടി. ക്രിമിനൽ നടപടി ക്രമം 161 പ്രകാരം അത് ചെയ്യേണ്ടതായിരുന്നു. സുബൈറിന്‍റെ ട്വീറ്റ് കൊണ്ട് പരാതിയുണ്ടായ മറ്റാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഒരു കുറ്റകൃത്യം ചെയ്താൽ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരമുള്ള അന്വേഷണത്തിന് അനുവർത്തിക്കേണ്ട തത്വങ്ങൾ 1973ലെ ക്രിമിനൽ നടപടിക്രമത്തിലുണ്ടെന്ന് ഡൽഹി പൊലീസിനെ കോടതി ഓർമിപ്പിച്ചു.
അനുയായികൾക്ക് അവരുടെ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും സംവിധാനങ്ങൾക്കും വിശുദ്ധ ദൈവങ്ങളുടെയും ദേവതകളുടെയും പേരിടാവുന്ന തരത്തിൽ ഹിന്ദുമതം അങ്ങേയറ്റം സഹിഷ്ണുതയുള്ളതാണ്. അതിനാൽ ഹിന്ദു ദേവന്‍റെ പേര് ഒരു സ്ഥാപനത്തിനോ സംഘടനക്കോ കുട്ടിക്കോ നൽകുന്നത് 153 എയും 295 എയും ചുമത്താവുന്ന കുറ്റങ്ങളല്ല. സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തിയ സിനിമയിലെ ചിത്രമാണ് സുബൈർ ട്വീറ്റ് ചെയ്തത്. 1983ലെ സിനിമയിലെ ആ രംഗം ഏതെങ്കിലും പ്രത്യേക സമുദായത്തിന്‍റെ വികാരം ഹനിച്ചതായി ഇന്ന് വരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും കോടതി ഓർമിപ്പിച്ചു. സുബൈറിന് വേണ്ടി പ്രമുഖ അഭിഭാഷക വൃന്ദാ ഗ്രോവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.