കശ്മീരിൽ ഇൻറർനെറ്റ് സേവനം പുനഃസ്ഥാപിച്ചു; ഗ്രനേഡ് ആക്രമണത്തിൽ ജവാന് പരിക്ക്
text_fieldsശ്രീനഗർ: ഹിസ്ബുൽ മുജാഹിദീൻ നേതാവ് ബുർഹാൻ വാനിയുടെ ഒന്നാം ചരമവാർഷികത്തിെൻറ പശ്ചാത്തലത്തിൽ കശ്മീരിൽ മൂന്നു ദിവസം മുമ്പ് നിർത്തിവെച്ച ഇൻറർനെറ്റ് സേവനം പുനഃസ്ഥാപിച്ചു. വ്യാഴാഴ്ച രാത്രി മുതൽ ഇൻറർനെറ്റ് ബന്ധം വിച്ഛേദിക്കാനാണ് പൊലീസ് സേവനദാതാക്കളോട് ആവശ്യപ്പെട്ടത്.
2016 ജൂലൈ എട്ടിനാണ് സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ ബുർഹാൻ വാനി കൊല്ലപ്പെട്ടത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രതിഷേധവും സംഘർഷമുണ്ടാക്കുന്ന സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാനാണ് ഇൻറർനെറ്റ് സേവനം നിർത്തിവെച്ചത്. 2ജി ഇൻറർനെറ്റ് സേവനം മാത്രമേ ഇപ്പോൾ ലഭിക്കുകയുള്ളൂവെന്നും അതിവേഗ സർവിസ് സ്ഥിതിഗതി വിലയിരുത്തി മാത്രമേ പുനഃസ്ഥാപിക്കുകയുള്ളൂവെന്നും ബി.എസ്.എൻ.എൽ അറിയിച്ചു.
ബുർഹാൻ വാനിയുടെ ഒന്നാം ചരമവാർഷികത്തിൽ സ്ഥിതി ശാന്തമായിരുന്നു. ചിലയിടങ്ങളിൽ കല്ലേറുണ്ടായതല്ലാതെ മറ്റ് സംഭവങ്ങളൊന്നുമുണ്ടായില്ലെന്ന് അധികൃതർ അറിയിച്ചു. ജനജീവിതം സാധാരണ നിലയിലായി. അക്രമം തടയാൻ രണ്ടുദിവസം മുമ്പ് ചില സ്ഥലങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ് വരുത്തി.
അതേസമയം, പുൽവാമ ജില്ലയിൽ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തിൽ സി.ആർ.പി.എഫ് ജവാന് പരിക്കേറ്റു. സി.ആർ.പി.എഫിെൻറയും പൊലീസിെൻറയും ക്യാമ്പിനുനേരെ തീവ്രവാദികൾ എറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 10.30നാണ് സംഭവം. പരിക്കേറ്റ ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.