'പ്രധാനമന്ത്രിയുടെ തൊഴിൽമേള തൊഴിൽ രഹിതരായ യുവാക്കളോടുള്ള ക്രൂരമായ തമാശ'- കെ. ടി രാമറാവു
text_fieldsഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെലങ്കാന രാഷ്ട്ര സമിതി വർക്കിങ് പ്രസിഡന്റും ഐ.ടി, വ്യവസായ, വാണിജ്യ മന്ത്രിയുമായ കെ. ടി രാമറാവുവിന്‍റെ തുറന്ന കത്ത്. പബ്ലിസിറ്റിക്ക് വേണ്ടി പ്രധാനമന്ത്രി അടുത്തിടെ നടത്തിയ തൊഴിൽമേള തൊഴിൽ രഹിതരായ യുവാക്കളോടുള്ള ക്രൂരമായ തമാശയാണെന്ന് കത്തിൽ അദ്ദേഹം ആരോപിച്ചു.
ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോദിയുടെ പുതിയ നാടകമാണ് തൊഴിൽ മേളയെന്ന് രാമറാവു കുറ്റപ്പെടുത്തി. ഓരോ വർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ നികത്തുമെന്ന പ്രധാനമന്ത്രിയുടെ മുൻ വാഗ്ദാനത്തെ ഓർമിപ്പിച്ച കെ.ടി.ആർ, കഴിഞ്ഞ എട്ട് വർഷത്തിനിടെ 16 കോടി തൊഴിലവസരങ്ങൾ നികത്താനുണ്ടെന്ന് പറഞ്ഞു. തൊഴിൽ രഹിതരായ നിരവധി യുവാക്കളാണ് ഇതിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ബി.ജെ.പി സർക്കാർ എത്ര പേർക്ക് തൊഴിൽ അവസരങ്ങൾ നൽകി എന്നത് സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമോയെന്നും പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് കെ.ടി.ആർ ചോദിച്ചു.
"1.50 ലക്ഷം സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകളാണ് തെലങ്കാന സർക്കാർ നികത്തിയത്. 91,000 ഒഴിവുകൾ കൂടി നികത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ സ്വകാര്യ മേഖലയിൽ 16.5 ലക്ഷം തൊഴിലവസരങ്ങളും നൽകി. 3.5 കോടി ജനസംഖ്യയുള്ള സംസ്ഥാനത്താണ് ഇത് നടപ്പാക്കിയത്. എന്നാൽ 130 കോടി ജനസംഖ്യയുള്ള രാജ്യത്ത് എത്ര തൊഴിലവസരങ്ങളാണ് കേന്ദ്രം നൽകിയത്"- കെ.ടി രാമറാവു കത്തിൽ ചോദിച്ചു.
രാജ്യത്ത് പ്രതിവർഷം രണ്ട് ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരാണ് വിരമിക്കുന്നത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ പ്രതിവർഷം 50,000 തൊഴിലവസരങ്ങൾ നികത്താതെ ഒരു ദിവസം 75,000 തൊഴിലവസരങ്ങൾ നൽകിയെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത് ന്യായമല്ല. ഏകദേശം 16 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ കൂടി നികത്താനുണ്ടെന്ന് കേന്ദ്ര സർക്കാർ തന്നെ മുമ്പ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ തൊഴിൽ മേളയെന്ന പേരിൽ എന്ത് സന്ദേശമാണ് യുവാക്കൾക്ക് നൽകുന്നതെന്നും കെ.ടി.ആർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.