സ്ത്രീയോടും പുരുഷനോടുമുള്ള ക്രൂരത ഒരുപോലെയല്ല- സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സ്ത്രീയോടും പുരുഷനോടുമുള്ള ക്രൂരത ഒരുപോലെയല്ലെന്നും ഭാര്യ വിവാഹമോചനം തേടുമ്പോൾ കോടതികൾ അയവുള്ളതും വിശാലവുമായ സമീപനം സ്വീകരിക്കണമെന്നും സുപ്രീംകോടതി. 15 വർഷമായി ഭർത്താവുമായി അകന്നുകഴിയുന്ന സ്ത്രീയുടെ ഹരജിയിൽ വിവാഹമോചനം അനുവദിച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എം.എം. സുന്ദരേശും ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹമോചനം അനുവദിക്കാത്ത വിചാരണ കോടതിയുടെയും ഛത്തിസ്ഗഢ് ഹൈകോടതിയുടെയും ഉത്തരവുകൾ റദ്ദാക്കിയാണ് സുപ്രീംകോടതി നടപടി.
1955ലെ ഹിന്ദു വിവാഹ നിയമത്തിലെ വകുപ്പ് പ്രകാരം ക്രൂരതക്ക് നിശ്ചിത അർഥമില്ല. ക്രൂരത എന്നത് എല്ലാ കേസുകളിലും ഒരുപോലെയല്ല. സാഹചര്യങ്ങൾക്കനുസരിച്ച് അത് മാറാം. ഭർത്താവിന്റെ ക്രൂരതയും തന്നെ സ്വഭാവഹത്യ നടത്തുന്നതും കണക്കിലെടുത്ത് വിവാഹമോചനം അനുവദിക്കണമെന്നായിരുന്നു സ്ത്രീയുടെ ആവശ്യം. എന്നാൽ, ഇവർക്ക് വിവാഹമോചനം അനുവദിക്കാൻ ഛത്തിസ്ഗഢ് ഹൈകോടതിയും വിചാരണ കോടതിയും തയാറായില്ല. സ്ത്രീധന നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം സ്ത്രീ പരാതി നൽകി. എന്നാൽ, ഇവർക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്നും വൈദ്യപരിശോധന നടത്തണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ, ഹരജികൾ ഹൈകോടതി തള്ളി. വിവാഹമോചനം അനുവദിക്കണമെന്ന ഹരജി നിരസിച്ച ഹൈകോടതിയും വിചാരണ കോടതിയും അങ്ങേയറ്റം സാങ്കേതികമായ സമീപനമാണ് സ്വീകരിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.