മുംബൈ ജയിലിൽ കടുത്ത പീഡനം; വനിത തടവുകാരിയുടെ മരണത്തിൽ കേസ്
text_fieldsമുംബൈ: ബൈഖുള ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുകയായിരുന്ന 38കാരി മരിച്ചത് സ്വകാര്യ ഭാഗത്ത് ലാത്തി കയറ്റിയതടക്കം കൊടിയ പീഡനത്തെ തുടർന്നെന്ന് പൊലീസ്. ഒരു വനിതാ ജയിൽ ഒാഫിസർക്കും ആറ് വനിതാ കോൺസ്റ്റബിൾമാർക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തും. ജയിൽപ്പുള്ളിയെ മർദിച്ചതിൽ പ്രതിഷേധിച്ചതിന് തന്നെയും ജയിലർമാർ ആക്രമിച്ചതായി ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖർജിയും പരാതി നൽകി. ഷീന ബോറ കേസിൽ വിചാരണ കേൾക്കുന്ന സി.ബി.െഎ കോടതിയിലാണ് ഇവർ രേഖാമൂലം പരാതി നൽകിയത്. തെൻറ ശരീരമാകെ മർദനമേറ്റ പാടുകളുണ്ടെന്ന് ഇന്ദ്രാണി ആരോപിച്ചതോടെ അവരെ ബുധനാഴ്ച ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. സഹോദര ഭാര്യയെ തീകൊളുത്തി കൊന്ന കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന മഞ്ജുള ഷെട്ടയെയാണ് ജയിലർമാരുടെ മർദനത്തിന് ഇരായായി മരിച്ചത്. 12 വർഷമായി പുണെ ജയിലിൽ കഴിഞ്ഞ മഞ്ജുളയെ നല്ലനടപ്പിനെ തുടർന്ന് ജയിൽ വാർഡനായി നിയമിച്ചിരുന്നു. ശിക്ഷ തീരാൻ മാസങ്ങൾ ബാക്കിനിൽക്കെ വിചാരണ തടവുകാർ കഴിയുന്ന മുംബൈയിലെ ബൈഖുള ജയിലിലേക്ക് മാറ്റുകയായിരുന്നു. ഭക്ഷണ വിതരണത്തിനിടെ രണ്ട് കോഴിമുട്ടയും അഞ്ച് പാവും കാണാതായ സംഭവത്തെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിന് വഴിവെച്ചത്.
ജയിൽ ഒാഫിസർ മനീഷ പൊഖർകറുടെ മുറിയിൽനിന്ന് മഞ്ജുളയുടെ നിലവിളി കേെട്ടന്നും പിന്നീട്ട് തളർന്ന നിലയിൽ സെല്ലിലെത്തിയ മഞ്ജുളയെ മറ്റ് അഞ്ച് വാർഡന്മാർ വന്ന് മർദിക്കുകയായിരുന്നുവെന്നുമാണ് സഹതടവുകാരുടെ മൊഴി. നാല് ജയിലർമാർ മഞ്ജുളയെ വിവസ്ത്രയാക്കി പിടിച്ചുകൊടുക്കുകയും ശേഷിച്ചയാൾ ലാത്തി സ്വകാര്യ ഭാഗത്ത് കയറ്റുകയും ചെയ്തു. രക്തം വാർന്ന മഞ്ജുളയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കൂട്ടാക്കിയില്ല. ഇന്ദ്രാണി അടക്കമുള്ളവർ പ്രതിഷേധിച്ച് രംഗത്ത് വന്നതോടെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ഇന്ദ്രാണി അടക്കം 219 വനിത ജയിൽപ്പുള്ളികൾ ടെറസിന് മുകളിൽ കയറി പ്രതിഷേധിക്കുകയും ഫയലുകളും മറ്റു രേഖകളും കത്തിക്കുകയും ചെയ്തിരുന്നു. 219 പേർക്കുമെതിരെ കലാപക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഗൂഢാലോചന, മറ്റുള്ളവരെ കലാപത്തിന് പ്രേരിപ്പിക്കൽ കുറ്റങ്ങളും ഇന്ദ്രാണിക്കു നേരെ ആരോപിച്ചിട്ടുണ്ട്. പ്രതികരിച്ചിരുന്നില്ലെങ്കിൽ തങ്ങളുടെയും അവസ്ഥ ഇതായിരിക്കുമെന്നാണ് ഇന്ദ്രാണി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.