ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി കേസിൽ ചലച്ചിത്ര നിർമാതാവിന്‍റെ വീട്ടിൽ റെയ്ഡ്
text_fieldsമുംബൈ: ആര്യൻ ഖാൻ അടക്കമുള്ളവർ പ്രതികളായ ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസുമായി ബന്ധപ്പെട്ട് മുംബൈയിൽ റെയ്ഡ്. ചലച്ചിത്ര നിർമാതാവ് ഇംതിയാസ് ഖത്രിയുടെ ഉടമസ്ഥതയിലുള്ള ബാന്ദ്രയിലെ വീട്ടിലും ഒാഫീസിലുമാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) റെയ്ഡ് നടത്തിയത്.
മുംബൈ ആസ്ഥാനമായ പ്രമുഖ ബിൽഡറുടെ മകനായ ഖത്രിക്ക് ലഹരിമരുന്ന് കേസിൽ പങ്കുണ്ടെന്ന് എൻ.സി.ബി ആരോപിച്ചിരുന്നു. ബോളിവുഡിലെ നിരവധി താരങ്ങളുമായി ഖത്രിക്ക് അടുത്ത ബന്ധമുണ്ട്. നടൻ സുശാന്ത് സിങ് രജ്പുത്ത് ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഖത്രി മയക്കുമരുന്ന് വിതരണം ചെയ്തെന്ന ആരോപണവും ഉയർന്നിരുന്നു.
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ നടൻ ഷാറൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്, അർബാസ് മർച്ചന്റ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. ജാമ്യഹരജി പരിഗണിക്കാനുള്ള അധികാരം മയക്കുമരുന്ന് കേസ് നടപടികൾക്കായുള്ള പ്രത്യേക എൻ.ഡി.പി.എസ് കോടതിക്കാണെന്ന അഡീഷനൽ സോളിസിറ്റർ ജനറലിന്റെ വാദം അംഗീകരിച്ചാണ് വിധി.
നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി ആവശ്യം തള്ളിയ മജിസ്ട്രേറ്റ്, ആര്യനടക്കം എട്ടു പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ആര്യൻ അടക്കം ആറു പേരെ ആർതർ റോഡ് ജയിലിലെ ക്വാറന്റിൻ സെല്ലിലേക്കും രണ്ടു പെൺകുട്ടികളെ ബൈഖുള ജയിലിലേക്കും മാറ്റിയിരുന്നു. ഇന്ന് പ്രത്യേക എൻ.ഡി.പി.എസ് കോടതിയിൽ പ്രതികൾ ജാമ്യാപേക്ഷ നൽകിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.