ക്യൂബ സാമ്പത്തിക പ്രതിസന്ധിയിൽ -ചെഗുവേരയുടെ മകൾ
text_fieldsബംഗളൂരു: കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബ നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വിപ്ലവകാരി ചെഗുവേരയുടെ മകൾ അലൈഡ ഗുവേര പറഞ്ഞു.ബംഗളൂരുവിൽ നടക്കുന്ന സി.ഐ.ടി.യു അഖിലേന്ത്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.കോവിഡ് മഹാമാരി, അമേരിക്ക ഉപരോധം എന്നിവ മൂലമാണ് പ്രതിസന്ധി രൂക്ഷമായത്.
ക്യൂബൻ സർക്കാർ എല്ലാ വിഭവങ്ങളും ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിച്ചു. എങ്കിലും പ്രതിസന്ധിയുണ്ടെന്നത് യാഥാർഥ്യമാണ്. കഴിഞ്ഞ വർഷം ക്യൂബക്കാരായ നിരവധി പേർ രാജ്യം വിട്ടത് വേദനജനകമാണ്. പ്രശ്നം പരിഹരിക്കാൻ കൂടുതൽ പ്രവർത്തിക്കണം.ജനങ്ങൾക്ക് ആവശ്യമുള്ള ഭക്ഷ്യസാധനങ്ങൾ കൂടുതലായി ഉൽപാദിപ്പിക്കണം.
ക്യൂബക്ക് ലോകത്തിന്‍റെ ഐക്യദാർഢ്യം വേണമെന്നും വിജയം വരെ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.മറ്റുള്ളവരുടെ നിറം, സംസ്കാരം, വിശ്വാസം തുടങ്ങിയവ മാനിച്ചുകൊണ്ടുതന്നെ മനുഷ്യർക്കിടയിൽ ഐക്യം സാധ്യമാകണമെന്നും അതാണ് വിജയത്തിന് നിദാനമെന്നും അലൈഡ പറഞ്ഞു. തൊഴിലാളികളുടെ ഏറ്റവും വലിയ ശക്തി ഐക്യമാണ്.അത് സാധ്യമാകണമെങ്കിൽ മറ്റുള്ളവരെ അംഗീകരിക്കാൻ കഴിയണം. നമുക്ക് പല ആദർശങ്ങളിലും വിശ്വസിക്കാം. വ്യത്യസ്ത മാർഗങ്ങളിലൂടെ ലക്ഷ്യം നേടാം.
എന്നാൽ വ്യത്യാസങ്ങളെ ബഹുമാനിക്കണം.വൻശക്തി രാജ്യത്തിന്‍റെ അടുത്ത് നിൽക്കുന്ന ചെറിയൊരു ദ്വീപ് രാജ്യമായ ക്യൂബക്ക് സ്വന്തമായി കാര്യങ്ങൾ നടത്താനുള്ള ശേഷി വന്നതും ജനങ്ങളുടെ ഐക്യം മൂലമാണ്. മതത്തിനും നിറത്തിനും സംസ്കാരത്തിനുമപ്പുറം മനുഷ്യർ ഒന്നാണെന്ന തിരിച്ചറിവാണ് വേണ്ടതെന്നും ചെഗുവേരയുടെ മകൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.