ഉത്തരസൂചിക പുറത്തുവിട്ടു; സി.യു.ഇ.ടി-യു.ജി: പരാതി ശരിയെന്ന് ബോധ്യപ്പെട്ടവർക്ക് പുനഃപരീക്ഷ
text_fieldsന്യൂഡൽഹി: സി.യു.ഇ.ടി-യു.ജി പരീക്ഷകളെ കുറിച്ച് ചില വിദ്യാർഥികൾ ഉന്നയിച്ച പരാതി ശരിയെന്ന് ബോധ്യപ്പെട്ടാൽ അവർക്ക് പുനഃപരീക്ഷ നടത്തുമെന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). ജൂലൈ 15 മുതൽ 19 വരെ ദിവസങ്ങളിലാകും പരീക്ഷ.
ജൂൺ 30വരെ നൽകിയ പരാതികളാണ് പരിഗണിക്കുക. ചില പരീക്ഷാ കേന്ദ്രങ്ങളിൽ സമയനഷ്ടം, സാങ്കേതിക തകരാറുകൾ തുടങ്ങിയ പരാതികളാണ് ലഭിച്ചത്.
നേരത്തെ നടന്ന പരീക്ഷയുടെ ഉത്തര സൂചിക എൻ.ടി.എ പുറത്തുവിട്ടിട്ടുണ്ട്. വൈകാതെ പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. നീറ്റ്, നെറ്റ് അടക്കം പരീക്ഷകൾ സംബന്ധിച്ച് വ്യാപക പരാതികളുയരുകയും നെറ്റ് പരീക്ഷ റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സി.യു.ഇ.ടി-യു.ജി ഫലപ്രഖ്യാപനം വൈകിയത്. രാജ്യത്താദ്യമായി ഹൈബ്രിഡ് രീതിയിൽ നടത്തിയ പരീക്ഷ ഡൽഹിയിൽ തലേന്ന് രാത്രി റദ്ദാക്കിയിരുന്നു. ഇവിടെ പിന്നീട് പരീക്ഷ നടന്നു. 15 വിഷയങ്ങൾക്ക് എഴുത്തുപരീക്ഷയും മറ്റു 48 വിഷയങ്ങൾക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുമാണ് നടന്നത്. രാജ്യത്തെ 261 കേന്ദ്ര, സംസ്ഥാന, ഡീംഡ് യൂനിവേഴ്സിറ്റികളിൽ പ്രവേശനത്തിനായി 13.4 ലക്ഷം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.