ജാമിഅ വെടിവെപ്പ്: കുറ്റവാളിയെ വെറുതെവിടില്ലെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: ജാമിഅ മില്ലിയ്യ സർവകലാശാല വിദ്യാർഥികൾ നടത്തിയ പൗരത്വ ഭേദഗതി വിരുദ്ധ മാർച്ചിന് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ കുറ്റവാളിയെ വെറുതെവിടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത്തരം സംഭവങ്ങൾ അനുവദിക്കില്ലെന്നും വെടിവെപ്പിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
വിഷയവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കമീഷണറുമായി താൻ സംസാരിച്ചു. ശക്തമായ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം അക്രമങ്ങൾ കേന്ദ്ര സർക്കാർ അനുവദിച്ചുകൊടുക്കില്ല. കുറ്റവാളിയെ വെറുതെ വിടില്ല -അമിത് ഷാ പറഞ്ഞു.
അതേസമയം, ഡൽഹിയിലെ ക്രമസമാധാന തകർച്ചയിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കടുത്ത ആശങ്കയറിയിച്ചു. ഡൽഹിയിൽ എന്താണ് സംഭവിക്കുന്നത്. ക്രമസമാധാനം പാടെ തകർന്നു. സമാധാനം പുനസ്ഥാപിക്കാൻ കെജരിവാൾ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. ദേശീയ തലസ്ഥാനമായ ഡൽഹിയിലെ പൊലീസ് സേനയുടെ നിയന്ത്രണാധികാരം കേന്ദ്ര സർക്കാറിനാണ്.
ജാമിഅ വിദ്യാർഥികൾക്ക് നേരെയുണ്ടായ വെടിവെപ്പിനെ തുടർന്ന് സർവകലാശാലയിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
വെടിയേറ്റ വിദ്യാർഥിയുടെ കൈയിൽ നിന്ന് വെടിയുണ്ട നീക്കം ചെയ്തതായി പൊലീസ് അറിയിച്ചു. ജാമിഅ വിദ്യാർഥി ഷാദത്ത് ആലത്തിനാണ് കൈക്ക് വെടിയേറ്റത്. ഷാദത്ത് ആലത്തിനെ ഡൽഹി എയിംസിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി.
വിദ്യാർഥികൾ നടത്തിയ മാർച്ചിനുള്ളിലേക്ക് കടന്നുകയറിയാണ് രാംപഥ് ഗോപാൽ എന്നയാൾ വെടിയുതിർത്തത്. ആർക്കാണ് സ്വാതന്ത്ര്യം വേണ്ടതെന്ന് ചോദിച്ചായിരുന്നു വെടിവെപ്പ്. രാംപഥ് ഗോപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.