ഭർതൃമാതാവിനെ പരിചരിക്കേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്തം: മനുസ്മൃതി ഉദ്ധരിച്ച് ഝാർഖണ്ഡ് ഹൈകോടതി
text_fieldsറാഞ്ചി: പ്രായാധിക്യമുള്ള ഭർതൃമാതാവിനെയും ഭർത്താവിന്റെ മുത്തശ്ശിയെയും പരിചരിക്കേണ്ടത് ഇന്ത്യൻ സംസ്കാരപ്രകാരം സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന് മനുസ്മൃതി ഉദ്ധരിച്ച് ഝാർഖണ്ഡ് ഹൈകോടതി.
മതിയായ കാരണങ്ങളില്ലാതെ ഭർതൃവീട്ടിൽനിന്ന് മാറിത്താമസിക്കാൻ ഭർത്താവിനുമേൽ സമ്മർദം ചെലുത്താൻ പാടില്ലെന്നും കുടുംബ തർക്കം സംബന്ധിച്ച കേസിൽ ജസ്റ്റിസ് സുഭാഷ് ചന്ദ് വിധിച്ചു. ഭർതൃവീട്ടിൽ താമസിക്കാൻ വിസമ്മതിച്ച സ്ത്രീക്ക് 30,000 രൂപയും മകന് 15,000 രൂപയും ജീവനാംശം നൽകാൻ നിർദേശിച്ച കുടുംബകോടതി വിധിക്കെതിരെ ഭർത്താവ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ഭരണഘടനയുടെ 51എ അനുച്ഛേദവും യജുർവേദവും മനുസ്മൃതിയും ഉദ്ധരിച്ചാണ് കോടതി വിധി പറഞ്ഞത്. ഭരണഘടനപ്രകാരം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് വില കൽപിക്കേണ്ടത് പൗരന്റെ ഉത്തരവാദിത്തമാണ്. ഇന്ത്യൻ സംസ്കാരമനുസരിച്ച് വയോധികരായ ഭർതൃമാതാവിനെയും അവരുടെ മാതാവിനെയും പരിചരിക്കേണ്ടത് വിവാഹശേഷം ഭർതൃവീട്ടിൽ താമസിക്കുന്ന സ്ത്രീയാണ്. ‘സ്ത്രീകൾ അസന്തുഷ്ടരായി തുടരുന്ന കുടുംബം നശിപ്പിക്കപ്പെടും. സ്ത്രീകൾ എപ്പോഴും സന്തോഷത്തോടെ കഴിയുന്ന കുടുംബം അഭിവൃദ്ധി പ്രാപിക്കും’എന്നാണ് മനുസ്മൃതിയിലുള്ളത് -കോടതി ചൂണ്ടിക്കാട്ടി.
ഭർത്താവും ഭർതൃമാതാവും സ്ത്രീധനം ആവശ്യപ്പെട്ട് മർദിക്കുന്നുവെന്നതാണ് വീട്ടിൽനിന്ന് മാറിത്താമസിക്കാനുള്ള കാരണമായി സ്ത്രീ ചൂണ്ടിക്കാട്ടിയത്. എന്നാൽ, മാതാവിനെയും മുത്തശ്ശിയെയും ഉപേക്ഷിച്ച് മാറിത്താമസിക്കാൻ ഭാര്യ നിരന്തരം സമ്മർദം ചെലുത്തിയിരുന്നുവെന്നും തന്റെ അനുവാദമില്ലാതെ സ്വന്തം വീട്ടിലേക്ക് പോയെന്നുമായിരുന്നു ഭർത്താവിന്റെ വാദം.
മതിയായ കാരണമില്ലാതെയാണ് ഭാര്യയുടെ ആവശ്യമെന്ന് വിലയിരുത്തിയ കോടതി ജീവനാംശം നൽകണമെന്ന കുടുംബകോടതി വിധി റദ്ദാക്കി. പ്രായപൂർത്തിയാകാത്ത മകന്റെ ജീവനാംശം 25,000 രൂപയാക്കി വർധിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.