അമരാവതിയിൽ വീണ്ടും സംഘർഷം; നാലുദിവസം കർഫ്യൂ
text_fieldsമുംബൈ: കിഴക്കൻ മഹാരാഷ്ട്രയിലെ അമരാവതിയിൽ വീണ്ടും സംഘർഷം. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് നാലു ദിവസം കർഫ്യൂ പ്രഖ്യാപിച്ചു. ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാനോ അഞ്ചിൽ കൂടുതൽപേർ കൂട്ടം ചേരാനോ പാടില്ല. ഇൻറർനെറ്റും താൽക്കാലികമായി റദ്ദാക്കി. ത്രിപുരയിൽ മുസ്ലിംകൾക്കു നേരേയുണ്ടായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച മാലേഗാവ്, നാന്ദഡ്, അമരാവതി എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധ റാലിക്കിടെ സംഘർഷമുണ്ടായിരുന്നു. കടയടക്കാത്തവർക്ക് നേരേ റാലിയിൽ പങ്കെടുത്തവർ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമായത്.
ഇതിൽ പ്രതിഷേധിച്ച് ശനിയാഴ്ച അമരാവതിയിലെ രാജ് കമൽ ചൗകിൽ കാവി കൊടികളുമായി മറ്റൊരു വിഭാഗം പ്രതിഷേധവുമായെത്തി. കടകളുടെ ബോർഡുകളും വാഹനങ്ങളും തകർത്ത പ്രതിഷേധക്കാർ ഒരു കടക്ക് തീയുമിട്ടു. പൊലീസും ദ്രുത കർമസേനയും സ്ഥലത്തെത്തിയെങ്കിലും സംഘർഷാവസ്ഥയാണ്. ത്രിപുര സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ആറായിരത്തോളം പേരാണ് അമരാവതി കലക്ടർ കാര്യാലയത്തിനു മുന്നിൽ തടിച്ചു കൂടിയത്. കലക്ടർക്ക് നിവേദനം നൽകി ഇവർ തിരിച്ചു പോകുന്നതിനിടെയാണ് കല്ലേറുണ്ടായത്. രണ്ട് സംഭവങ്ങളിലുമായി 20ഒാളം പേരെ കസ്റ്റഡിയിലെടുത്തതായി അമരാവതി പൊലീസ് കമീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.