മണിപ്പൂരിൽ ജനജീവിതം സാധാരണനിലയിലേക്ക്
text_fieldsഇംഫാൽ: മണിപ്പൂരിൽ ജനജീവിതം സാധാരണനിലയിലേക്ക്. നിശാനിയമത്തിൽ മിക്ക ജില്ലകളിലും രാവിലെ മുതൽ വൈകീട്ടുവരെയുള്ള 12 മണിക്കൂർ ഇളവുവരുത്തി.
ചിലയിടങ്ങളിൽ ഇത് എട്ടു മണിക്കൂറും മറ്റു ചിലയിടങ്ങളിൽ ഏഴു മണിക്കൂറുമാണ്. ഓരോയിടത്തെയും സ്ഥിതിഗതികൾ വിലയിരുത്തിയാണ് ഇളവ്. തമെൻഗ്ലോങ്, നോനി, സേനാപതി, ഉഖ്രുൽ, കാംജോങ് എന്നിവിടങ്ങളിൽ കർഫ്യൂ ഇല്ല.
മണിപ്പൂർ കലാപത്തെ തുടർന്ന് 37,450 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതായി പൊലീസ് അറിയിച്ചു. മൊത്തം 272 ക്യാമ്പുകളാണ് സജ്ജീകരിച്ചത്. ഒഴിഞ്ഞ വീടുകൾക്കുനേരെയുള്ള ആക്രമണ സംഭവങ്ങൾ ഇപ്പോൾ അപൂർവമാണ്.ജനം അനധികൃതമായി കൈവശംവെച്ച എ.കെ 47ഉം നാടൻതോക്കുമുൾപ്പെടെ നിരവധി ആയുധങ്ങൾ ഇതിനകം പൊലീസിന് കൈമാറിയിട്ടുണ്ട്. ഇത്തരത്തിൽ മൊത്തം 140 ആയുധങ്ങളാണ് ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.ഒരു മാസത്തിനകം കലാപങ്ങളിൽ 98 പേർ മണിപ്പൂരിൽ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മേയ് മൂന്നിന് കലാപം തുടങ്ങിയതു മുതൽ 4,014 കൊള്ളിവെപ്പ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. 3,734 കേസുകൾ എടുത്തു. അക്രമവുമായി ബന്ധമുള്ള 65 പേരെ അറസ്റ്റുചെയ്തു. സേന, പൊലീസ് സാന്നിധ്യത്തിൽ കുറവു വരുത്തിയിട്ടില്ല.
സംഘർഷ പ്രദേശങ്ങളിൽ സംസ്ഥാന പൊലീസിന് പുറമെ, സൈന്യത്തെയും അസം റൈഫിൾസിനെയും കേന്ദ്ര സായുധ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. പൊലീസിന്റെ കയ്യിൽ നിന്ന് തട്ടിയെടുത്ത ആയുധം കണ്ടെടുക്കാൻ തെരച്ചിൽ ഉടൻ തുടങ്ങും. കൂടുതൽ സേനാ വിന്യാസം വേണ്ടിടത്ത് അതിന് നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.