സംഘർഷങ്ങളെ തുടർന്ന് കരൗലിയിൽ കർഫ്യൂ ഏപ്രിൽ ഏഴു വരെ നീട്ടി
text_fieldsജയ്പൂർ: കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വർഗീയ സംഘർഷമുണ്ടായതിനെ തുടർന്ന് രാജസ്ഥാനിലെ കരൗലിയിൽ ഏർപ്പെടുത്തിയ കർഫ്യൂ ഏപ്രിൽ ഏഴു വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാന നില കണക്കിലെടുത്താണ് കർഫ്യൂ നീട്ടുന്നതെന്ന് കരൗലി ജില്ലാ കലക്ടർ രാജേന്ദ്ര ഷെഖാവത്ത് അറിയിച്ചു. ഹിന്ദു പുതുവർഷ ആഘോഷവുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകുന്നേരം ഹിന്ദുത്വ സംഘടനകൾ നടത്തിയ റാലിയിൽ മുസ്ലിം പള്ളിക്കുനേരെയുണ്ടായ കല്ലേറാണ് കരൗലിയിൽ വർഗീയ സംഘർഷങ്ങൾക്ക് കാരണമായത്.
അതേസമയം 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് അവരുടെ അഡ്മിറ്റ് കാർഡുകൾ കാണിച്ചാൽ പരീക്ഷകേന്ദ്രങ്ങളിലെത്താനുള്ള ക്രമീകരണങ്ങൾ ജില്ലാഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആവശ്യസാധനങ്ങൾ വാങ്ങുന്നതിന് ആളുകൾക്ക് രണ്ട് മണിക്കൂർ ഇളവു നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കരൗലിയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചത് തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് 46 പേരെ അറസ്റ്റ് ചെയ്യുകയും ഏഴ് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതായി ഭരത്പൂർ ഇൻസ്പെക്ടർ പ്രഷൻ കുമാർ ഖമേസ്ര പറഞ്ഞു. കർഫ്യൂ ഉത്തരവ് ലംഘിച്ചതിന് 33 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പട്രോളിംഗ് ടീമുകൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.