നാഗ്പുരിൽ ഏർപ്പെടുത്തിയ കർഫ്യൂ പൂർണമായി പിൻവലിച്ചു
text_fieldsമുംബൈ: വർഗീയ സംഘർഷത്തെ തുടർന്ന് നാഗ്പുരിൽ ഏർപ്പെടുത്തിയ കർഫ്യൂ പൂർണമായും പിൻവലിച്ചു. 10ലേറെ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. പലയിടങ്ങളിലും ഭാഗികമായി നിയന്ത്രണം പിൻവലിച്ചിരുന്നു. ശേഷിച്ച നാല് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച വൈകീട്ട് മൂന്നോടെ കർഫ്യൂ പിൻവലിച്ചു.
ആശങ്ക നിലനിൽക്കുന്നതിനാൽ പൊലീസ് പട്രോളിങ് വർധിപ്പിക്കും. കഴിഞ്ഞ 17ന് രാത്രിയാണ് സംഘർഷമുടലെടുത്തത്. ഛത്രപതി സംബാജി നഗറിലുള്ള മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു.
ഖുർആൻ വാക്യങ്ങളുള്ള വിരിപ്പോടെയാണ് പ്രതിഷേധക്കാർ ശവകുടീരത്തിന്റെ കോലം കത്തിച്ചതെന്ന അഭ്യൂഹമാണ് സംഘർഷത്തിന് വഴിവെച്ചതെന്ന് പൊലീസ് പറയുന്നു. സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 38കാരൻ ശനിയാഴ്ച മരിച്ചു.
സംഭവത്തിൽ മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടി ദേശീയ അധ്യക്ഷൻ മുഹമ്മദ് ഹാമിദ് എൻജിനീയർ അടക്കം 105ഓളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.