കശ്മീര്‍: കുല്‍ഗാം ജില്ലയിലും ഷോപിയാന്‍ നഗരത്തിലും കര്‍ഫ്യൂ
text_fieldsശ്രീനഗര്‍: കഴിഞ്ഞദിവസം സിവിലിയന്മാരും സൈനികരും കൊല്ലപ്പെട്ട ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലും ബിജ്ബെഹര, അനന്തനാഗ്, ഷോപിയാന്‍, പുല്‍വാമ ടൗണുകളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നാല് തീവ്രവാദികളും രണ്ട് സിവിലിയന്മാരും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ താഴ്വരയില്‍ ഹര്‍ത്താലിന് ആഹ്വാനംചെയ്ത സാഹചര്യത്തിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, ഹര്‍ത്താല്‍ ചിലയിടങ്ങളില്‍ ഭാഗികമായിരുന്നു. ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ വാഹനങ്ങള്‍ ഓടുന്നുണ്ട്. ശ്രീനഗറില്‍ കടകളും പെട്രോള്‍ പമ്പുകളും അടഞ്ഞുകിടന്നു. ബസുകളും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി.
കൂടുതല്‍ സുരക്ഷാസേനയെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ളെന്നും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, അക്രമികള്‍ക്കെതിരെ കര്‍ശന ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ താഴ്വരയില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
വടക്കന്‍ കശ്മീരിലെ ബാരാമുല്ല ജില്ലയില്‍ പത്താന്‍ പല്‍ഹാലന്‍ പ്രദേശത്ത് സുരക്ഷാസേനയും പ്രക്ഷോഭരും തമ്മില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്.
സിവിലിയന്മാരെ സുരക്ഷാസേന ബോധപൂര്‍വം കൊലപ്പെടുത്തുകയായിരുന്നുവെന്ന് വിഘടനവാദി നേതാക്കള്‍ ആരോപിച്ചു. അതേസമയം ഏറ്റുമുട്ടല്‍ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് ജന. സെക്രട്ടറി അലി മുഹമ്മദ് സാഗര്‍ ആവശ്യപ്പെട്ടു. വിഘടനവാദി നേതാക്കളായ സയ്യിദ് അലി ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരെ സുരക്ഷാസേന വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. ജെ.കെ.എല്‍.എഫ് നേതാവ് യാസിന്‍ മാലികിനെ പൊലീസ് അറസ്റ്റ് ചെയ്ത് ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.