ടി.വിയില്‍ പ്രഖ്യാപിച്ചു; എം.പിമാരോട് പറയില്ല
text_fieldsന്യൂഡല്‍ഹി: മുന്തിയ നോട്ടുകള്‍ അസാധുവാക്കിയ സുപ്രധാന തീരുമാനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ വിശദീകരിക്കില്ളെന്ന നിലപാടില്‍ ഉറച്ച് സര്‍ക്കാര്‍. എന്നാല്‍, ഇത് ഭരണഘടന വ്യവസ്ഥകള്‍ക്ക് വിരുദ്ധവും എം.പിമാര്‍ക്കുള്ള അവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയത്. എന്നാല്‍, അതേക്കുറിച്ച് എം.പിമാരോട് വിശദീകരിക്കാന്‍ തയാറല്ളെന്ന നിലപാട് പ്രതിപക്ഷ പാര്‍ട്ടികളെ പ്രകോപിപ്പിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഇതേച്ചൊല്ലി പാര്‍ലമെന്‍റ് സ്തംഭിച്ചിട്ടും സര്‍ക്കാര്‍ നിലപാട് മാറ്റത്തിന് തയാറല്ല.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയത് ധനമന്ത്രിയോ റിസര്‍വ് ബാങ്ക് ഗവര്‍ണറോ അല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അക്കാര്യം പാര്‍ലമെന്‍റ് അംഗങ്ങളോട് വിശദീകരിക്കുകയെന്ന ‘സാമാന്യ മര്യാദ’ പ്രധാനമന്ത്രി പാലിക്കാത്തതാണ് പ്രതിപക്ഷ പാര്‍ട്ടികളെ പ്രകോപിപ്പിച്ചത്. ശീതകാല സമ്മേളനം തുടങ്ങി മൂന്നു ദിവസമായെങ്കിലും അദ്ദേഹം ഇരുസഭകളിലും ഒന്നും സംസാരിച്ചിട്ടില്ല. വിശദീകരണങ്ങളെല്ലാം നടത്തുന്നത് പുറംവേദികളിലാണ്.
സര്‍ക്കാറിന്‍െറ സുപ്രധാന തീരുമാനങ്ങള്‍, പ്രധാനമന്ത്രി നടത്തുന്ന വിദേശയാത്രകള്‍, വിദേശരാജ്യങ്ങളുമായി ഉണ്ടാക്കുന്ന കരാറുകള്‍ തുടങ്ങിയവയൊക്കെ പാര്‍ലമെന്‍റ് സമ്മേളിക്കുമ്പോള്‍ അംഗങ്ങളെ അറിയിക്കണമെന്നാണ് ചട്ടം. സമ്പദ്രംഗത്തെ പിടിച്ചുലച്ച നോട്ട് അസാധുവാക്കല്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇത്തരമൊരു വിശദീകരണം എം.പിമാര്‍ക്ക് നല്‍കിയിട്ടില്ല. ധനമന്ത്രിയെന്ന നിലയില്‍ അരുണ്‍ ജെയ്റ്റ്ലിയാണ് ഒച്ചപ്പാടുണ്ടായപ്പോള്‍ ചില കാര്യങ്ങള്‍ പറഞ്ഞത്. അതുതന്നെ പൂര്‍ണമല്ല.
രണ്ടു പാര്‍ലമെന്‍റ് സമ്മേളനത്തിനിടക്ക് നടത്തുന്ന പ്രധാന യാത്രകള്‍, തീരുമാനങ്ങള്‍ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി തന്നെ പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തുന്ന കീഴ്വഴക്കം നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണ് നിലച്ചത്. പ്രധാനമന്ത്രിയുടെ വിദേശയാത്രകളെക്കുറിച്ച് വിദേശകാര്യമന്ത്രിയാണ് ഇപ്പോള്‍ പ്രസ്താവന നടത്തിവരുന്നത്.
സുപ്രധാന തീരുമാനങ്ങളെക്കുറിച്ച് വകുപ്പു മന്ത്രിമാര്‍ പ്രസ്താവന നടത്തുന്നു. ഇക്കുറി പ്രധാനമന്ത്രി എത്താത്തത് സഭയിലെ ബഹളങ്ങള്‍ മുന്‍കൂട്ടി കാണുന്നതുകൊണ്ടാണെന്നാണ് സൂചന. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രമുഖ വ്യവസായികളായ സഹാറ, ബിര്‍ല എന്നിവരില്‍നിന്ന് കോടികള്‍ വാങ്ങിയെന്ന ആരോപണവും സഭയില്‍ ഒച്ചപ്പാട് സൃഷ്ടിച്ചേക്കും.
രാജ്യസഭയില്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. പ്രസ്താവന നടത്തുന്ന പ്രധാനമന്ത്രിയോട് വിശദീകരണങ്ങള്‍ ചോദിക്കാന്‍ അംഗങ്ങള്‍ക്ക് അവസരമുണ്ട്. രണ്ടാഴ്ച കഴിഞ്ഞിട്ടും ബാങ്കിനു മുന്നിലെ ക്യൂ തുടരുകയും വിവിധ രംഗങ്ങള്‍ കടുത്ത മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്ത സാഹചര്യത്തില്‍ ന്യായവാദങ്ങള്‍ നിരത്താന്‍ പ്രയാസമുണ്ട്. പകരം നോട്ട് നല്‍കാന്‍ സംവിധാനമില്ലാതെ മുന്തിയ നോട്ടുകള്‍ അസാധുവാക്കിയതിനൊപ്പം 2,000 രൂപ നോട്ട് പുറത്തിറക്കിയതിന്‍െറ നിയമസാധുതയും പ്രതിപക്ഷം ചോദ്യം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.