മോദിയുടെ നോട്ട് അസാധു പ്രഭാഷണം റെക്കോഡ് ചെയ്തതെന്ന് വെളിപ്പെടുത്തിയ സത്യേന്ദ്ര മുരളിക്ക് വധഭീഷണി
text_fieldsന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനം രാജ്യത്തെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ദൂരദര്‍ശന്‍ പ്രഭാഷണം തല്‍സമയ സംപ്രേഷണം ആയിരുന്നില്ളെന്ന് വെളിപ്പെടുത്തിയ ദുരദര്‍ശന്‍ ന്യൂസ് ജീവനക്കാരന്‍ സത്യേന്ദ്ര മുരളിക്ക് വധഭീഷണി. ഫോണിലൂടെ തട്ടിക്കൊണ്ടുപോകല്‍ ഭീഷണി വന്നതായും മുരളി സ്വകാര്യ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
ജയ്പുര്‍ സ്വദേശിയായ മുരളിയുടെ ഫേസ്ബുക്ക് പേജിലും അദ്ദേഹത്തെ പുലഭ്യം പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമാണ്. നവംബര്‍ എട്ടിന് രാത്രി എട്ടിന് ദൂരദര്‍ശനില്‍ മോദി നടത്തിയ പ്രസംഗം നേരത്തെ എഴുതിത്തയാറാക്കിയതും റെക്കോഡ് ചെയ്തതുമാണെന്നായിരുന്നു മുരളിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
ഈ മാസം 24ന് ഡല്‍ഹിയില്‍ വാര്‍ത്തസമ്മേളനത്തിലാണ് മുരളി ആരോപണമുന്നയിച്ചത്. വാര്‍ത്തസമ്മേളനം കഴിഞ്ഞപ്പോള്‍ മുതല്‍തന്നെ അഭിനന്ദിച്ചുകൊണ്ട് നിരവധി സന്ദേശങ്ങള്‍ ലഭിച്ചുവെന്നറിയിച്ച മുരളി, തുടര്‍ന്ന് തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന സന്ദേശങ്ങളാണ് കൂടുതല്‍ വന്നതെന്ന് വ്യക്തമാക്കി. ഇക്കാര്യം ദൂരദര്‍ശനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പൊലീസില്‍ പരാതി നല്‍കിയില്ല. വാര്‍ത്തസമ്മേളനം നടന്നതിന്‍െറ പിറ്റേന്ന് ഉച്ചക്ക് ഒന്നരയുടെ ഷിഫ്റ്റില്‍ ഡല്‍ഹി കോപ്പര്‍നിക്കസ് റോഡിലെ ദൂരദര്‍ശന്‍ ഓഫിസില്‍ ജോലിക്ക് ഹാജരാകാനത്തെിയപ്പോള്‍ ന്യൂസ്റൂം ഡയറക്ടറെ കാണാന്‍ അറിയിപ്പ് കിട്ടി. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചക്കുശേഷം 5.45ഓടെ ഓഫിസ് വിട്ടു.
അതിനിടെ, ഓഫിസില്‍നിന്നുതന്നെ തനിക്കുനേരെ ആക്രമണമുണ്ടാകുമെന്ന് ഒരു സഹപ്രവര്‍ത്തകന്‍ മുന്നറിയിപ്പ് നല്‍കിയതായും മുരളി പറയുന്നു. പ്രധാനമന്ത്രിയുടെ പ്രഭാഷണം തല്‍സമയമായിരുന്നില്ളെന്ന് തെളിയിക്കാനാവശ്യമായ രേഖകളും ഓഡിയോ വിഡിയോ തെളിവുകളും തന്‍െറ പക്കലുണ്ടെന്ന് മുരളി അവകാശപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം. ഇതിനായി അഭിഭാഷകനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2013ലാണ് മുരളി ദൂരദര്‍ശനില്‍ ചേര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.