ശമ്പള ദിനങ്ങള്‍ വരുന്നു; ബാങ്കുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
text_fieldsന്യൂഡല്‍ഹി: ശമ്പളവും പെന്‍ഷനും വിതരണം ചെയ്യേണ്ട ദിനങ്ങള്‍ അടുത്തു വരുമ്പോള്‍ കറന്‍സി നോട്ടു പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവും. ഈ ആശങ്ക പ്രകടിപ്പിച്ച് റിസര്‍വ് ബാങ്ക് എല്ലാ ബാങ്കുകളിലേക്കും സന്ദേശമയച്ചു. പെന്‍ഷന്‍കാര്‍ക്കും സായുധ സേനാംഗങ്ങള്‍ക്കും ആവശ്യത്തിന് റൊക്കം പണം നല്‍കാന്‍ പ്രത്യേക ജാഗ്രത വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ശമ്പളവും പെന്‍ഷനും ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെ നേരിട്ട് ബാങ്ക് അക്കൗണ്ടിലത്തെും. എന്നാല്‍, അവിടെനിന്ന് റൊക്കം പണം പിന്‍വലിക്കുന്നതിന് ശമ്പള ദിവസങ്ങളില്‍ ഇന്നത്തേക്കാള്‍ കൂടുതല്‍ പ്രയാസമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. എ.ടി.എമ്മുകള്‍ മിക്കതും ഇപ്പോഴും പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അക്കൗണ്ടില്‍നിന്ന് നേരിട്ട് പണം പിന്‍വലിക്കാന്‍ എത്തുന്നവരുടെ തിരക്ക് ബാങ്കുകള്‍ മുന്‍കൂട്ടി കാണുന്നു. കറന്‍സി നോട്ടുകള്‍ സംഭരിച്ചുവെക്കരുതെന്ന് റിസര്‍വ് ബാങ്ക് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.
ബില്ലടക്കാനും പെട്രോള്‍ പമ്പിലുമൊക്കെ ഡിസംബര്‍ 15 വരെ പഴയ നോട്ട് ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, മാസത്തുടക്കത്തില്‍ റൊക്കം പണത്തിന്‍െറ പലവിധ ആവശ്യങ്ങള്‍ ശമ്പളക്കാരും പെന്‍ഷന്‍കാരും വ്യാപാരികളുമടക്കം എല്ലാ വിഭാഗം ഇടപാടുകാര്‍ക്കും ഉണ്ടാവും. പഴയ നോട്ട് ബാങ്ക് കൗണ്ടറില്‍ മാറ്റാന്‍ കഴിയില്ല. കൈയിലിരുന്ന അസാധുനോട്ടുകള്‍ മിക്കവാറും അക്കൗണ്ടിലേക്ക് സാധാരണക്കാര്‍ നിക്ഷേപിച്ചുകഴിഞ്ഞിട്ടുമുണ്ട്.
നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ വഴിയുള്ള പണമിടപാടിലേക്ക് തിരിയണമെന്ന് സര്‍ക്കാറും റിസര്‍വ് ബാങ്കും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഇത്തരം സാങ്കേതിക രീതികളിലേക്ക് പൊടുന്നനെ ഒരു മാറ്റം നടന്നിട്ടുമില്ല.
ഈ സാഹചര്യത്തിലാണ് റൊക്കം പണം വേണ്ടവരുടെ തിരക്ക് വര്‍ധിക്കാന്‍ പോകുന്നത്. മുന്തിയനോട്ടുകള്‍ അസാധുവാക്കിയിട്ട് 20 ദിവസത്തോളമായെങ്കിലും കറന്‍സി ക്ഷാമം മൂലമുള്ള കടുത്ത പണഞെരുക്കം തുടരുകയാണ്.
പെന്‍ഷന്‍കാരുടെ ആവശ്യത്തിനൊത്ത വിധം ബാങ്കില്‍ റൊക്കം പണത്തിന്‍െറ കരുതലുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് റിസര്‍വ് ബാങ്കിന്‍െറ ഒരു നിര്‍ദേശം. സൈനിക ഒൗട്ട്പോസ്റ്റുകളിലും റൊക്കം പണലഭ്യത ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു. ആവശ്യത്തിന് കറന്‍സി നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയാതെ വന്നിരിക്കുന്നത് റിസര്‍വ് ബാങ്കിന്‍െറയും സര്‍ക്കാറിന്‍െറയും പിഴവുകൊണ്ടാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കേ തന്നെയാണിത്. ബാങ്ക് ശാഖകള്‍ക്ക് റിസര്‍വ് ബാങ്ക് ശരിയായരീതിയില്‍ കറന്‍സി വിതരണം ചെയ്യുന്നുണ്ടോയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദിച്ചു.
കറന്‍സി അച്ചടിക്കുന്ന നാലു പ്രസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചാലും നോട്ടുക്ഷാമം നാലഞ്ചുമാസം തുടരുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പുനല്‍കി. നോട്ടു ക്ഷാമം അടുത്തയാഴ്ച രൂക്ഷമാവുമെന്നും ശമ്പളത്തില്‍നിന്ന് പണമെടുക്കാന്‍ വയ്യാത്ത ചുറ്റുപാടുണ്ടാകുന്നത് ജനങ്ങളുടെ അക്ഷമ വര്‍ധിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പുനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.