നോട്ടുനിരോധന ബില്‍ ലോക്സഭയില്‍
text_fieldsന്യൂഡല്‍ഹി: നിരോധിച്ച 1000, 500 രൂപ നോട്ടുകള്‍ കൈവശം വെക്കുന്നതും വിനിമയം ചെയ്യുന്നതും ശിക്ഷാര്‍ഹമായ കുറ്റമായി പരിഗണിക്കുന്ന ബില്ല് ലോക്സഭയില്‍. ഡിസംബര്‍ 30ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമാണ് ഈ ബില്‍. 1934ലെ റിസര്‍വ് ബാങ്ക് ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ് നോട്ടു വിഷയത്തില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.
ഇതനുസരിച്ച് അസാധുവാക്കിയ നോട്ടുകളുടെ വിനിമയവും കൈമാറ്റവും കൈവശം വെക്കുന്നതും 2016 ഡിസംബര്‍ 31 മുതല്‍ കുറ്റകരമാണ്. ഇതു ലംഘിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പുനല്‍കാന്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിന് അധികാരവും നല്‍കുന്നു. അസാധുനോട്ട് കൈവശംവെച്ചാല്‍ 10,000 രൂപ വരെയാണ് പിഴ. പഠന, ഗവേഷണ ആവശ്യങ്ങള്‍ക്കാണെങ്കില്‍ നിരോധിച്ച നോട്ടുകള്‍ 25 എണ്ണത്തിലധികം സൂക്ഷിക്കരുതെന്നും നിര്‍ദേശമുണ്ട്.
സവിശേഷ നോട്ട് (ബാധ്യത അവസാനിപ്പിക്കല്‍) ബില്‍ പാസായാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ നിയമമാകും. ബില്‍ ജനവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന വാദവുമായി തൃണമൂല്‍ കോണ്‍ഗ്രസ് വാദിച്ചുവെങ്കിലും ശബ്ദവോട്ടോടെ എതിര്‍പ്പ് തള്ളിയാണ് സ്പീക്കര്‍ ബില്ലിന് അവതരണാനുമതി നല്‍കിയത്.
കള്ളപ്പണം തടയുന്നതിനായി റിസര്‍വ് ബാങ്കിന്‍െറ നിര്‍ദേശമനുസരിച്ചാണ് നോട്ടുനിരോധനം നടപ്പാക്കിയതെന്നാണ് ബില്ലില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അത് ശരിയല്ളെന്നും സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരമാണ് റിസര്‍വ് ബാങ്ക് യോഗംചേര്‍ന്ന് നോട്ടുനിരോധനത്തിന് അംഗീകാരം നല്‍കിയതെന്നും തൃണമൂല്‍ കോണ്‍ഗ്രസിലെ സൗഗത റോയ് ചൂണ്ടിക്കാട്ടി. അതിനാല്‍തന്നെ ബില്‍ നിയമവിരുദ്ധമാണെന്നും അവതരണത്തിന് അനുമതിനല്‍കരുതെന്നും അദ്ദേഹം വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.