നോട്ടുറേഷന്‍ തുടരും; നികുതി ഇളവ് പരിഗണനയില്‍
text_fieldsന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടില്‍നിന്നും എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാനുള്ള നിയന്ത്രണം ഈ മാസം 30നു ശേഷവും തുടരും. അതേസമയം, പണഞെരുക്കം മൂലമുള്ള ജനരോഷം തണുപ്പിക്കാന്‍ ഒരു മാസത്തിനുശേഷം അവതരിപ്പിക്കുന്ന കേന്ദ്രബജറ്റില്‍ ആദായനികുതി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസ കാലാവധി അവസാനിക്കാന്‍ നാലുദിവസം മാത്രം ബാക്കിനില്‍ക്കെ, സര്‍ക്കാര്‍ പുതിയ ചുവടുകളിലാണ്.
പണഞെരുക്കത്തിന്‍െറ പശ്ചാത്തലത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന അടുത്ത നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നിതി ആയോഗ് വിളിച്ച സാമ്പത്തിക വിദഗ്ധരുടെ യോഗം ചൊവ്വാഴ്ച നടക്കും.
ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത്. ജി.എസ്.ടി സമ്പ്രദായം അടുത്തവര്‍ഷം നടപ്പാക്കാനിരിക്കെ, പരോക്ഷ നികുതി നിരക്കുകളില്‍ മാറ്റം ഉണ്ടാവില്ല. എന്നാല്‍, പ്രത്യക്ഷ നികുതി, കോര്‍പറേറ്റ് നികുതി എന്നിവയില്‍ ഇളവുകള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് സൂചന.
നോട്ടുറേഷന്‍ തുടരുകയല്ലാതെ മാര്‍ഗമില്ളെന്ന് ഉറപ്പായിട്ടുണ്ട്. പുതിയ നോട്ടിന്‍െറ ആവശ്യത്തിനൊത്തവിധം അച്ചടി നടത്താന്‍ കഴിയുന്നില്ല. ആഴ്ചയില്‍ 24,000 രൂപ പിന്‍വലിക്കുന്നതിന് ഇടപാടുകാരെ അനുവദിക്കാന്‍ തക്ക നിലയിലല്ല ബാങ്കുകള്‍. ഇതിനിടയില്‍ ബിസിനസുകാര്‍ കൂടുതല്‍ തുക ആവശ്യപ്പെടുകയുമാണ്. ഇതിനെല്ലാമിടയിലാണ് നികുതിഘടന പരിഷ്കരിച്ച് ഒരു വിഭാഗത്തെയെങ്കിലും സമാധാനിപ്പിക്കാനുള്ള നീക്കം.
ആഗോളതല മത്സരം നേരിടാന്‍ പാകത്തിലുള്ള കുറഞ്ഞ തോതിലുള്ള നികുതിഘടനയിലേക്ക് ഇന്ത്യ മാറണമെന്ന് ഇന്ത്യന്‍ റവന്യൂ സര്‍വിസസ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. സേവനങ്ങള്‍ക്ക് മത്സരക്ഷമത അതുവഴിയാണ് ഉണ്ടാകുന്നത്. മത്സരം ആഭ്യന്തരതലത്തിലല്ല, ആഗോളതലത്തിലാണ്.
ഉയര്‍ന്ന നികുതി നിരക്കാണ് നികുതി വെട്ടിപ്പിന് മുന്‍കാലത്ത് വഴിവെച്ചതെന്നും ജെയ്റ്റ്ലി പറഞ്ഞു. നികുതി സൗഹൃദ സാഹചര്യത്തിലേക്ക് ഇന്ത്യ നീങ്ങണം. നികുതി നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നതില്‍ അധികൃതര്‍ നീതിയുക്തമാകണം. അടക്കേണ്ട നികുതിയടക്കാന്‍ ആളുകള്‍ സ്വമേധയാ തയാറാകുമ്പോള്‍, അതിനോട് നല്ല നിലക്ക് നികുതി അധികൃതര്‍ പെരുമാറണം. ഉയര്‍ന്ന സത്യസന്ധതയും ആത്മാര്‍ഥതയും കാണിക്കണം. നികുതി അടക്കുന്നതാണ് ഒരു സമ്പദ്വ്യവസ്ഥയുടെ വികസനത്തിന് അടിസ്ഥാനം. നികുതി അടക്കുന്നത് പൗരന്‍െറ ചുമതലയാണ്. ഓഹരി വിപണിയില്‍നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി ചുമത്തില്ളെന്നും ജെയ്റ്റ്ലി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയില്‍ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. സര്‍ക്കാറിന് ഇത്തരമൊരു താല്‍പര്യമില്ളെന്ന് ധനമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.