മെഡിക്കല്‍ പ്രവേശന തട്ടിപ്പ് കേസില്‍ സിനിമ നിര്‍മാതാവ് മദന്‍ അറസ്റ്റില്‍
text_fieldsചെന്നൈ: കോടികളുടെ എം.ബി.ബി.എസ് സീറ്റ് പ്രവേശന തട്ടിപ്പ് കേസില്‍ സിനിമ നിര്‍മാതാവ് വേന്തര്‍ മൂവീസ് ഉടമ എസ്. മദന്‍ മാസങ്ങള്‍ക്കുശേഷം തിരുപ്പൂരില്‍ അറസ്റ്റിലായി. മദന്‍ ഉള്‍പ്പെട്ട സമാന കേസില്‍ കഴിഞ്ഞ ആഗസ്റ്റില്‍ അറസ്റ്റിലായ എസ്.ആര്‍.എം സര്‍വകലാശാല ചാന്‍സലര്‍ ടി.ആര്‍. പച്ചമുത്തു ജാമ്യത്തിലാണ്.
എസ്.ആര്‍.എമ്മിന്‍േറതുള്‍പ്പെടെ വിവിധ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം തരപ്പെടുത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധി വിദ്യാര്‍ഥികളില്‍നിന്ന് കോടികള്‍ തട്ടിയെടുത്തശേഷം മദന്‍ കഴിഞ്ഞ മേയ് 27ന് മുങ്ങുകയായിരുന്നു. താന്‍ വാരാണസിയില്‍ പോയി സമാധിയാകുകയാണെന്ന വാട്സ്ആപ് സന്ദേശവും ഇതിനിടെ ഇയാള്‍ പ്രചരിപ്പിച്ചു. മദനെ കാണാതായതിനു പിന്നില്‍ എസ്.ആര്‍.എം ഉടമകളാണെന്നാരോപിച്ച് കുടുംബം മദ്രാസ് ഹൈകോടതിയില്‍ പരാതി നല്‍കിയിരുന്നു.
സീറ്റ് കിട്ടാതായതോടെ മദനെയും പച്ചമുത്തുവിനെയും പ്രതികളാക്കി 120 രക്ഷാകര്‍ത്താക്കള്‍ പൊലീസിലും മദ്രാസ് ഹൈകോടതിയിലും പരാതി നല്‍കിയിരുന്നു. 75 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു ആരോപണം. റിമാന്‍ഡിലായ പച്ചമുത്തു 75 കോടി രൂപ കെട്ടിവെച്ചാണ് ജാമ്യത്തിലിറങ്ങിയത്.
പ്രതികളെ പിടിക്കാത്തതില്‍ സംസ്ഥാന പൊലീസിന് മദ്രാസ് ഹൈകോടതിയില്‍ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. തുടര്‍ന്നാണ് ഇന്ത്യ ജനനായക കക്ഷി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകന്‍കൂടിയായ പച്ചമുത്തു അറസ്റ്റിലാകുന്നത്. ഈ പാര്‍ട്ടിയുടെ നേതാവുകൂടിയാണ് മദന്‍. മദന്‍െറ മാനേജര്‍ സുധീര്‍, അക്കൗണ്ടന്‍റ് ഗുണ, പാര്‍ട്ടി ഡോക്ടേഴ്സ് വിഭാഗം നേതാവ് പാര്‍ക്കവന്‍ പച്ചെമുത്തു, പാര്‍ട്ടിയുടെ മധുരയിലെ നേതാവ് ഷണ്‍മുഖന്‍ തുടങ്ങിയവര്‍ പ്രവേശന തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
മദനെ തേടി പ്രത്യേക അന്വേഷണ സംഘം കേരളത്തിലുള്‍പ്പെടെ തിരച്ചില്‍ നടത്തിവരുകയായിരുന്നു. ഇതിനിടെ തിരുപ്പൂരില്‍ പരിചയക്കാരന്‍െറ വീട്ടിലെ രഹസ്യ മുറിയില്‍ ഇയാള്‍ ഒളിച്ചുതാമസിക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. മദനെ തിങ്കളാഴ്ച വൈകീട്ടോടെ ചെന്നൈയിലത്തെിച്ച് സെയ്ദാപേട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് ചെന്നൈ സിറ്റി പൊലീസ് കമീഷണര്‍ എസ്. ജോര്‍ജ് അറിയിച്ചു.
എസ്.ആര്‍.എം ഗ്രൂപ്പിന്‍െറ കീഴില്‍ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഐ.ടി കമ്പനികള്‍, ന്യൂസ് ചാനല്‍, ലോജിസ്റ്റിക്, ഫ്ളാറ്റ് നിര്‍മാണം എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി മലയാളികള്‍ ഉള്‍പ്പെടെ ഇവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.