നടൻ ദർശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി 20 വരെ നീട്ടി
text_fieldsബംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ കന്നട നടൻ ദർശൻ, നടി പവിത്രഗൗഡ എന്നിവരുൾപ്പെടെ 13 പ്രതികളുടെ പൊലീസ് കസ്റ്റഡി 20 വരെ നീട്ടി. മൊത്തം 16 പ്രതികളുള്ളതിൽ മൂന്നുപേരെ ഹാജരാക്കിയിരുന്നില്ല. പൊലീസിന്റെ അപേക്ഷ പ്രകാരം കസ്റ്റഡി നീട്ടിനൽകുകയായിരുന്നു. ഞായറാഴ്ച വരെയായിരുന്നു ദർശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി. ഞായറാഴ്ച കോടതി അവധിയായതിനാൽ ശനിയാഴ്ച രാത്രി ഹാജരാക്കുകയായിരുന്നു. കേസിൽ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പു നടത്താനുമുണ്ടെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്രിമം കാട്ടി സ്വാഭാവിക മരണമാണെന്ന് വരുത്താൻ നടൻ ദർശനും അനുയായികളും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർക്ക് കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണമുണ്ട്.
ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി പരാതി നൽകാൻ ഡോക്ടറോട് പൊലീസ് ആവശ്യപ്പെട്ടു. ദർശനും പവിത്രയുമുൾപ്പെടെ 16 പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റു ചെയ്തത്. പവൻ, വിനയ്, നടൻ പ്രദോഷ്, നന്ദീഷ, ദീപക്, ലക്ഷ്മൺ, നാഗരാജു, കാർത്തിക്, നിഖിൽ, കേശവമൂർത്തി, രാഘവേന്ദ്ര, അനു കുമാർ, ജഗദീഷ്, രവി എന്നിവരാണ് മറ്റുള്ളവർ. ചിത്രദുർഗ് സ്വദേശിയായ രേണുകസ്വാമിയെ ബംഗളൂരുവിലേക്ക് പിടിച്ചുകൊണ്ടുവന്ന് മർദിച്ചുകൊല്ലുകയും മൃതദേഹം ഓവുചാലിൽ തള്ളുകയും ചെയ്തെന്നാണ് കേസ്. പ്രതികളിൽ ഭൂരിഭാഗം പേരും ദർശൻ ഫാൻസ് അംഗങ്ങളാണ്. പവിത്ര ഗൗഡയെപ്പറ്റി സമൂഹ മാധ്യമത്തിൽ മോശം സന്ദേശങ്ങളിട്ടതിന്റെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചതെന്നാണ് കണ്ടെത്തൽ. പവിത്ര ഗൗഡയാണ് ഒന്നാം പ്രതി. ദർശന്റെ കടുത്ത ആരാധകനായിരുന്നു രേണുകസ്വാമി.
കുറ്റാരോപിതന്റെ പിതാവ് മരണപ്പെട്ടു
പ്രമുഖ കന്നട നടൻ ദർശനും സുഹൃത്ത് പവിത്ര ഗൗഡയും പ്രധാന പ്രതികളായ രേണുക സ്വാമി വധക്കേസിലെ പ്രതികളിലൊരാളുടെ പിതാവ് ഹൃദയാഘാതംമൂലം മരിച്ചതായി കുടുംബം. എഫ്.ഐ.ആറിൽ ഏഴാം പ്രതിയായി പൊലീസ് രേഖപ്പെടുത്തിയ അനുകുമാറിന്റെ പിതാവ് ചന്ദ്രപ്പയാണ് മരണപ്പെട്ടത്. മകന്റെ അറസ്റ്റ് ചന്ദ്രപ്പയെ വിഷാദത്തിലാക്കിയെന്ന് കുടുംബം പറഞ്ഞു.
ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കണമെന്ന് അമ്മ നിർബന്ധം പിടിച്ചതിനെത്തുടർന്ന് ശനിയാഴ്ച രാത്രി കോടതിയുടെ അനുമതി തേടിയ ശേഷം കനത്ത സുരക്ഷയിലാണ് പൊലീസ് അനുകുമാറിനെ ബംഗളൂരുവിൽ നിന്ന് ചിത്രദുർഗയിലെത്തിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു മരണം. എത്തുന്നതുവരെ മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബം തയാറായില്ല. സാമ്പത്തിക നേട്ടത്തിനായാണ് കൊലപാതകം നടത്തിയതെന്ന് മൊഴി നൽകാൻ ദർശൻ തന്റെ സഹായികൾക്ക് നൽകിയ 30 ലക്ഷം രൂപ പൊലീസ് ഇതിനകം കണ്ടെടുത്തിട്ടുണ്ട്. ദർശനും സംഘവും രേണുക സ്വാമിയെ വൈദ്യുതിയാഘാതമേൽപിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കാർ കസ്റ്റഡിയിൽ എടുത്തു
നടന് ദര്‍ശനും അനുയായികളും, ആരാധകനായ രേണുക സ്വാമിയെ കൊലപ്പെടുത്താനും തട്ടിക്കൊണ്ടുപോകാനും ഉപയോഗിച്ചതെന്നു കരുതുന്ന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിത്രദുര്‍ഗ ജില്ലയിലെ അയ്യനഹള്ളി ഗ്രാമത്തില്‍ ഒരു വീടിന്റെ മുന്നില്‍നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. പ്രതികളിലൊരാളായ രവിയാണ് കാര്‍ ഇവിടെ പാര്‍ക്ക് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വാഹനം കസ്റ്റഡിയിലെടുത്ത സമയത്ത് ഫോറന്‍സിക് വിദഗ്ധരും കൂടെയുണ്ടായിരുന്നു. രവിയുടെ കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തു.
വിവാഹിതരല്ലെന്ന് അഭിഭാഷകൻ
കന്നട നടൻ ദർശനും നടി പവിത്രയും വിവാഹിതരല്ലെന്നും അവർ സഹപ്രവർത്തകർ മാത്രമാണെന്നും നടന്റെ അഭിഭാഷകൻ. ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ (32) കൊലപ്പെടുത്തിയ കേസിൽ നടൻ ദർശനും മറ്റ് 13 പേരും അറസ്റ്റിലായിരുന്നു. പവിത്ര ഗൗഡയെ ദർശന്റെ ഭാര്യയായി ചിത്രീകരിക്കുന്നത് വിഷമമുണ്ടാക്കുന്നുണ്ടെന്ന് നടന്റെ ഭാര്യ പറഞ്ഞുവെന്ന് അഭിഭാഷകൻ പറഞ്ഞു. ദമ്പതികൾക്ക് ഒരു മകനുണ്ട്. പവിത്ര ഗൗഡ സഹപ്രവർത്തക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് അധികൃതർ പവിത്രയെ ദർശന്റെ ഭാര്യയായി ചൂണ്ടിക്കാണിക്കുന്നതെന്ന ചോദ്യത്തിനും അദ്ദേഹം തന്റെ നിലപാടിലുറച്ചു നിന്നു. വിവാഹിതരാണെങ്കിൽ അതുമായി ബന്ധപ്പെട്ട രേഖകളുണ്ടാവുമെന്നും എന്നാൽ അത്തരത്തിലുള്ള ഒരു രേഖയും കണ്ടെടുക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദർശനും കൂട്ടർക്കും പൊലീസ് സ്റ്റേഷനിൽ കൂടുതൽ പരിഗണന നൽകിയെന്ന റിപ്പോർട്ടുകൾ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര നിഷേധിച്ചു.
ജൂൺ 9ന് രാവിലെയാണ് സുമ്മനഹള്ളിയിലെ അഴുക്കുചാലിന് സമീപം രേണുക സ്വാമിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഭവദിവസം തന്നെ നാലുപേർ പൊലീസിൽ കീഴടങ്ങിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ദർശനും പവിത്രയും ഗൂഢാലോചനയിലുൾപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്. ദർശന്റെയും ഭാര്യ വിജയലക്ഷ്മിയുടെയും ജീവിതത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ ആരാധകനായ രേണുക സ്വാമി സന്ദേശമയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കമന്റിൽ അസഭ്യപരാമർശങ്ങളും നടത്തിയിരുന്നു. ദർശൻ 10 വർഷമായി തന്റെ പങ്കാളിയാണെന്ന് കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ വെളിപ്പെടുത്തിയിരുന്നു. ശരീരത്തിൽ പല ഭാഗത്തെയും അസ്ഥികൾ ഒടിഞ്ഞ നിലയിലായിരുന്നു രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.