ജനാധിപത്യത്തിനും‘വെട്ട്’
text_fieldsന്യൂഡൽഹി: ഗാന്ധിവധം, മുഗൾ ചരിത്രം, ഗുജറാത്ത് കലാപം, ഡാർവിന്റെ പരിണാമസിദ്ധാന്തം എന്നിവ പാഠപുസ്തകത്തിൽനിന്നും ഒഴിവാക്കിയതിന് പിന്നാലെ ജനാധിപത്യത്തെ കുറിച്ചുള്ള പാഠഭാഗവും ഇനി കുട്ടികൾ പഠിക്കേണ്ടതില്ലെന്ന് ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എൻ.സി.ഇ.ആർ.ടി).
പത്താം ക്ലാസിലെ പുതിയ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിൽനിന്ന് ജനാധിപത്യത്തെ കുറിച്ചുള്ള മുഴുവൻ പാഠഭാഗവും സയൻസ് പാഠപുസ്തകത്തിൽനിന്ന് ആവർത്തനപട്ടിക (പിരിയോഡിക് ടേബിൾ), പരിസ്ഥിതി സുസ്ഥിരത, ഊർജ സ്രോതസ്സുകൾ എന്നീ പാഠഭാഗങ്ങളും എൻ.സി.ഇ.ആർ.ടി ഒഴിവാക്കി. പാഠ്യപദ്ധതിയുടെ ഭാരം കുറക്കുക, കോവിഡ് മഹാമാരിമൂലമുണ്ടായ പഠനതടസ്സങ്ങളിൽനിന്ന് കരകയറാൻ വിദ്യാർഥികളെ സഹായിക്കുക തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൻ.സി.ഇ.ആർ.ടിയുടെ കത്തിവെക്കൽ. ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ജനകീയ പോരാട്ടങ്ങളും പ്രസ്ഥാനങ്ങളും, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നീ അധ്യായങ്ങളാണ് സാമൂഹ്യ ശാസ്ത്രത്തിൽനിന്ന് ഒഴിവാക്കിയത്.
ഡാർവിന്റെ ജീവപരിണാമ സിദ്ധാന്തമടക്കമുള്ള പാഠഭാഗങ്ങൾ ഒഴിവാക്കിയതിനെതിരെയുള്ള വിമർശനം ശക്തമായിരിക്കെയാണ് സയൻസ് പാഠപുസ്തകത്തിലെ സുപ്രധാന ഭാഗങ്ങളും വേണ്ടെന്നുവെക്കുന്നത്. ഹയർ സെക്കൻഡറി ക്ലാസുകളിൽ പ്രസക്തമായ വിഷയം തെരഞ്ഞെടുത്താലെ വിദ്യാർഥികൾക്ക് ഈ ഭാഗങ്ങൾ ഇനി പഠിക്കാനാകൂ.മോദി സർക്കാർ അധികാരത്തിൽവന്നതിനുശേഷം എൻ.സി.ഇ.ആർ.ടി വലിയതോതിൽ പാഠപുസ്തക പരിഷ്കരണം നടപ്പാക്കുന്നുണ്ട്.
ഗാന്ധിവധത്തിലെ ആർ.എസ്.എസ് പങ്ക്, മുഗള്‍ രാജവംശ ചരിത്രം, മൗലാന അബുല്‍ കലാം ആസാദിന്റെ സംഭാവനകള്‍, ഗുജറാത്ത് കലാപം പരാമര്‍ശിക്കുന്ന ഭാഗം തുടങ്ങിയവ ഒഴിവാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.