മലയാളിയായ ഡോ. സി.വി. ആനന്ദബോസ് ബംഗാൾ ഗവർണർ
text_fieldsന്യൂഡൽഹി: മുൻ ഐ.എ.എസ് ഓഫിസറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചു. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ. ഗണേശനായിരുന്നു നിലവിൽ ബംഗാളിന്റെ ചുമതല.
മേഘാലയ സർക്കാറിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു സി.വി. ആനന്ദബോസ്. 2019ൽ ബി.ജെ.പിയിൽ ചേർന്നിരുന്നു.
1951 ജനുവരി രണ്ടിന് കോട്ടയം മാന്നാനത്താണ് ജനനം. ജില്ല കലക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. യു.എന്‍ ഉള്‍പ്പെടെയുള്ള വിവിധ അന്തര്‍ദേശീയ സംഘടനകളില്‍ ഉപദേഷ്ടാവായിരുന്നു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികൾ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ തലവൻ ഡോ. സി.വി. ആനന്ദബോസായിരുന്നു. നോവലുകൾ, ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 32 പുസ്തകങ്ങൾ ബോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തർക്കങ്ങൾ അവസാനിപ്പിക്കും -ആനന്ദബോസ്
കൊൽക്കത്ത: സംസ്ഥാനത്തിനും കേന്ദ്രത്തിനുമിടയിലെ പാലമാവുകയും എല്ലാ തർക്കങ്ങളും അവസാനിപ്പിക്കുകയുമാണ് ഗവർണറുടെ ദൗത്യമെന്ന് നിർദിഷ്ട പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് പറഞ്ഞു. രാജ്ഭവനും സംസ്ഥാന സർക്കാറും തമ്മിലുള്ള പ്രശ്നങ്ങൾ തർക്കമായി കാണേണ്ടതില്ലെന്നും അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂടിച്ചേർത്തു. വാർത്ത ഏജൻസിയുമായി സംസാരിക്കുകയായിരുന്നു ആനന്ദബോസ്.
ഏതു പ്രശ്നത്തിനും പരിഹാരമുണ്ട്. അതിലെത്തുകയെന്നതിലാണ് കാര്യം. എല്ലാ കാര്യങ്ങളും ഒരുമിച്ച് പരിഗണിക്കണം. ഗവർണർക്ക് ഏതാണ് വഴിയെന്നറിയണമെന്നാണ് ഭരണഘടന പ്രതീക്ഷിക്കുന്നത്. ആ വഴി തുറന്ന്, അതുവഴി മുന്നോട്ടുപോകാനുമറിയണം. സംസ്ഥാന സർക്കാറിന്റെ പിന്തുണ തനിക്കുണ്ടാകുമെന്നാണ് കരുതുന്നത്. രാജ്ഭവനും സംസ്ഥാന സർക്കാറും പരസ്പര ബന്ധിത സ്ഥാപനങ്ങളാണ്. ഭരണഘടനക്കുള്ളിലാണ് സംസ്ഥാന സർക്കാറിന്റെ പ്രവർത്തനമെന്നത് ഉറപ്പിക്കലാണ് ഗവർണറുടെ ദൗത്യം. ജനസേവനത്തിനായി സംസ്ഥാന സർക്കാറിന് എല്ലാ സൗകര്യങ്ങളും രാജ്ഭവൻ ഒരുക്കേണ്ടതാണ്. ഈ കാര്യങ്ങളിലൊന്നും തർക്കങ്ങളില്ല. നമ്മുടേത് ബഹുസ്വരസമൂഹമാണ്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും വേണം. ബി.ജെ.പി ഭരണത്തിൽ രാജ്ഭവനുകൾ പാർട്ടി ഓഫിസുകളായി മാറിയെന്നത് ആരോപണം മാത്രമാണ്. വസ്തുതകൾ മാത്രം പരിഗണിച്ച് മുന്നോട്ടുപോകും. മുഖ്യമന്ത്രി മമത ബാനർജിയുമായി ചർച്ച നടത്തുമെന്നും ബോസ് കൂട്ടിച്ചേർത്തു.
നിലവിൽ ഉപരാഷ്ട്രപതിയായ ജഗ്ദീപ് ധൻകർ പശ്ചിമ ബംഗാൾ ഗവർണറായിരുന്ന കാലത്ത് മമത സർക്കാറും രാജ്ഭവനും തമ്മിൽ വലിയ സംഘർഷങ്ങളുണ്ടായിരുന്നു. ധൻകറുടെ ഒഴിവിലേക്കാണ് ആനന്ദ ബോസ് നിയമിതനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.