ജി 20യില്‍ ഹാക്കിങ്ങിന് സാധ്യത; സംശയമുള്ള ഇ-മെയിലുകൾ തുറക്കരുതെന്ന്
text_fieldsന്യൂഡൽഹി: ഈ വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയില്‍ ഹാക്കിങ്ങിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിവിധ മന്ത്രാലയങ്ങൾക്ക് നൽകിയ സർക്കുലറിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഉച്ചകോടിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും സംശയമുള്ള ഇ-മെയിലുകൾ തുറക്കരുതെന്നുമാണ് നിർദേശം. ഇ-മെയിലുകൾ വഴിയാകും ഉച്ചകോടിയുമായി ബന്ധമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുകയെന്ന് രാജ്യത്തെ പ്രമുഖ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം പറയുന്നു.
2023 സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കായി വൻ ഒരുക്കമാണ് നടക്കുന്നത്. പ്രധാന വേദി ഡൽഹിയിലെ പ്രഗതി മൈതാനമാണ്. ഒരുക്കത്തിന്‍റെ ഭാഗമായി കശ്മീർ ഗേറ്റിന് സമീപത്തെ ഹനുമാൻ മന്ദിർ പ്രദേശത്തെ ആയിരത്തിലധികം യാചകരെ രാത്രി ഷെൽട്ടറുകളിലേക്ക് മാറ്റുകയാണ്.
കൂടാതെ, വിദേശ പ്രതിനിധികളടക്കം യാത്ര ചെയ്യുന്ന വഴികളിലെ ചേരി പ്രദേശങ്ങൾ ഷീറ്റ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. മുംബൈ നഗരത്തിലെ വിവിധ ചേരിപ്രദേശങ്ങളിലാണ് ഷീറ്റുകൾ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.