വെറും ഒമ്പത് മിനിറ്റ്! മുൻ ബാങ്ക് മാനേജറുടെ 3.04 ലക്ഷം അടിച്ചുമാറ്റി ഓൺലൈൻ തട്ടിപ്പുകാർ
text_fieldsബംഗളൂരു: ബാങ്കിങ് മേഖലയിലെ സൈബർ തട്ടിപ്പുകളെ കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നവരാണ് ബാങ്ക് മാനേജർമാർ. എന്നാൽ, അത്തരത്തിലൊരാളെ തന്നെ ഓൺലൈൻ തട്ടിപ്പുകാർ തങ്ങളുടെ ഇരയാക്കിയാലോ? ബംഗളൂരു കനകപുരയിൽ അതും സംഭവിച്ചു.
റിട്ട. ബാങ്ക് മാനേജറായ സുജാത രാംകുമാറാണ് കഴിഞ്ഞ ദിവസം തട്ടിപ്പിന് ഇരയായത്. മൊബൈലിൽ ലഭിച്ച എസ്.എം.എസിന് മറുപടി നൽകിയ ഇവർക്ക് ഒമ്പത് മിനിറ്റിനുള്ളിൽ 3.04 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഇവരുടെ നെറ്റ് ബാങ്കിങ് താൽക്കാലികമായി നിർത്തിയിട്ടുണ്ടെന്നും വീണ്ടും തുടരണമെങ്കിൽ ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമായിരുന്നു എസ്.എം.എസ്.
സുജാത ലിങ്കിൽ ക്ലിക്ക് ചെയ്യുകയും OTP ഉൾപ്പെടെ എല്ലാ കെ.വൈ.സി (ഉപഭോക്താവിന്റെ വിശദാംശങ്ങൾ) സമർപ്പിക്കുകയും ചെയ്തു. മിനിറ്റുകൾക്കുള്ളിൽ തന്നെ അക്കൗണ്ടിൽനിന്ന് 3.04 ലക്ഷം രൂപ പിൻവലിച്ചതായി ബാങ്കിൽനിന്ന് സന്ദേശം ലഭിച്ചതായി സി.ഇ.എൻ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
കനകപുര റോഡിലെ ബ്രിഗേഡ് മെഡോസ്-പ്ലൂമേരിയ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന ഇവർക്ക് അവന്യൂ റോഡിലെ ബാങ്കിലാണ് സേവിങ്സ് അക്കൗണ്ട് ഉള്ളത്. തിങ്കളാഴ്ച വൈകീട്ട് 6.14 നാണ് തട്ടിപ്പ് എസ്.എം.എസ് ലഭിച്ചതെന്ന് സുജാത പറയുന്നു. "വൈകീട്ട് 6.26 നും 6.35 നും ഇടയിൽ, ഒമ്പത് മിനിറ്റിനുള്ളിൽ, തട്ടിപ്പുകാർ എന്റെ അക്കൗണ്ടിൽ നിന്ന് 3.04 ലക്ഷം രൂപ പിൻവലിച്ചു" -പരാതിയിൽ പറഞ്ഞു.
മൂന്ന് തവണയായാണ് പ്രതികൾ പണം പിൻവലിച്ചത്. അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യുന്നതായി സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതായി ഇവർക്ക് മനസ്സിലായത്. ലിങ്കിന്റെ വിശദാംശങ്ങളും ലിങ്ക് അയച്ച മൊബൈൽ ഫോൺ നമ്പറും സഹിതം അവൾ അടുത്ത ദിവസം പരാതി നൽകി.
"മുൻ ബാങ്ക് മാനേജർ ആയതിനാൽ, അജ്ഞാത നമ്പറിൽ നിന്നുള്ള സന്ദേശത്തിന് മറുപടി നൽകുന്നതിന് മുമ്പ് അവർ കുറച്ച് ഗൗരവം കാണിക്കേണ്ടതായിരുന്നു. ചിലപ്പോൾ, സെർവർ പ്രശ്‌നങ്ങൾ ഉണ്ടായാൽ നെറ്റ് ബാങ്കിങ് തടസ്സപ്പെടുന്നത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് ബാങ്കുകൾ മുൻകൂർ സന്ദേശം അയക്കാറുണ്ട്. നെറ്റ് ബാങ്കിങ് സജീവമാണോ അല്ലയോ എന്ന് പരിശോധിക്കാൻ പരാതിക്കാരിക്ക് കഴിയുമായിരുന്നു. അഥവാ, അക്കൗണ്ട് ബ്ലോക്ക് ആയാൽ തന്നെ സഹായത്തിനായി ബാങ്കിന്റെ എക്‌സിക്യൂട്ടീവുകളെ സമീപിക്കുന്നതായിരുന്നു ഉചിതം' -അന്വേഷണോദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.