ഗൂഗ്ളിൽനിന്ന് കിട്ടിയ എസ്.ബി.ഐ നമ്പറിൽ വിളിച്ചു, 1.18 ലക്ഷം രൂപ സൈബർ തട്ടിപ്പുകാർ അടിച്ചുമാറ്റി
text_fieldsഭുവനേശ്വർ: ഗൂഗ്ളിൽ തെരഞ്ഞപ്പോൾ കിട്ടിയ എസ്.ബി.ഐ നമ്പറിൽ വിളിച്ച ഒഡീഷയിലെ സർക്കാർ ഉദ്യോഗസ്ഥയുടെ 1.18 ലക്ഷം രൂപ സൈബർ തട്ടിപ്പുകാർ അടിച്ചുമാറ്റി. ഭുവനേശ്വറിലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ക്ലാസ് ബി ഓഫീസറായ സ്ത്രീയാണ് തട്ടിപ്പിനിരയായത്.
ക്രെഡിറ്റ് കാർഡ് സറണ്ടർ ചെയ്യാൻ എസ്.ബി.ഐ സഹീദ് നഗർ ബ്രാഞ്ചിൽ പോയ ഇവരോട് കുടിശ്ശികയായ 6,000 രൂപ അടക്കാൻ ബാങ്ക് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഓൺലൈനായി പണമടച്ചെങ്കിലും ഇടപാട് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് വീട്ടിലെത്തിയ ശേഷം ക്രെഡിറ്റ് കാർഡ് സറണ്ടർ ചെയ്യുന്നത് എങ്ങിനെ എന്നറിയാൻ ഗൂഗ്ളിൽ തെരഞ്ഞു. ഇതിനിടെ ലഭിച്ച എസ്.ബി.ഐയുടെ കസ്റ്റമർ കെയർ നമ്പറിൽ സഹായത്തിനായി വിളിച്ചതോടെയാണ് ഇവർ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടത്.
ഈ നമ്പർ എസ്.ബി.ഐയുടേതെന്ന വ്യാജേന തട്ടിപ്പുകാർ നൽകിയതായിരുന്നു. ഇത് തിരിച്ചറിയാതെ വിളിച്ച ഇടപാടുകാരിയെ സംഘം തന്ത്രപരമായി വലയിൽ വീഴ്ത്തി. എസ്.ബി.ഐ ക്രെഡിറ്റ് കാർഡിന്റെ നേട്ടങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും അത് സറണ്ടർ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ, കാർഡ് സറണ്ടർ ചെയ്യണമെന്ന ആവശ്യത്തിൽ ഇടപാടുകാരി ഉറച്ചു നിന്നതോടെ ഫോണിൽ മറുതലക്കുള്ള ആൾ സമ്മതിച്ചു. ഇവരുടെ മൊബൈൽ ഫോണിലേക്ക് ഒരു ഒടിപി നമ്പർ അയച്ചിട്ടുണ്ടെന്നും അത് പറഞ്ഞ് തന്നാൽ സറണ്ടർ നടപടി ആരംഭിക്കാമെന്നും വ്യാജൻ ആവശ്യപ്പെട്ടു. സംസാര രീതിയിൽ സംശയം തോന്നാതിരുന്നതിനാൽ യുവതി ഉടൻ തന്നെ ഒ.ടി.പി നമ്പർ നൽകി.
എന്നാൽ, ഇതിനുപിന്നാലെ തന്റെ എസ്.ബി.ഐ അക്കൗണ്ടിൽ നിന്ന് നാല് ഘട്ടങ്ങളിലായി 1.18 ലക്ഷം രൂപ പിൻവലിച്ചതായി എസ്.എം.എസ് സന്ദേശം ലഭിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെട്ട കാര്യം ഇവർ മനസ്സിലാക്കകുന്നത്. ഇതേക്കുറിച്ച് ഭുവനേശ്വറിലെ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് അക്കൗണ്ടുകളിലേക്കായാണ് പണം ട്രാൻസ്ഫർ ചെയ്തതെന്ന് കണ്ടെത്തി. പ്രതികളെ കണ്ടെത്തുന്നതിനും പണം തിരികെ ലഭിക്കുന്നതിനുമായി ശ്രമം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ജൂൺ ഏഴിന് സ്വകാര്യ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ 72.6 ലക്ഷം രൂപ സൈബർ കൊള്ളക്കാർ തട്ടിയെടുത്തതായി പൊലീസിൽ പരാതി ലഭിച്ചിരുന്നു. ജൂൺ ഒന്നിന് എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്ഷേനായ യോനോ അക്കൗണ്ട് തുടങ്ങാൻ ശ്രമിച്ച റൂർക്കലയിലെ കോളജ് പ്രിൻസിപ്പലിന്റെ അക്കൗണ്ടിൽ നിന്ന് എട്ട് ലക്ഷത്തിലധികം രൂപയും അജ്ഞാതർ തട്ടിയെടുത്തിരുന്നു.
സൈബർ തട്ടിപ്പുകാരിൽനിന്ന് എങ്ങനെ രക്ഷപ്പെടാം?
- സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്കുചെയ്യാതിരിക്കുക.
- ബാങ്കുകൾ പോലുള്ള ധനകാര്യസ്ഥാപനങ്ങളുടെ ഫോൺ നമ്പറുകൾ പാസ്ബുക്കിൽനിന്നോ ഔദ്യോഗിക വെബ്‌സൈറ്റിൽനിന്നോ മാത്രം ശേഖരിക്കുക.
- കഴിവതും നിങ്ങളുടെ ബാഞ്ചിന്റെ ലാൻഡ് ഫോൺ നമ്പറുകളിൽ വിളിച്ചോ, ബ്രാഞ്ചിൽ നേരിട്ട് പോയോ വിവരങ്ങൾ അന്വേഷിച്ച് ഉറപ്പിക്കുക.
- ഒരുകാരണവശാലും ഒ.ടി.പി കൈമാറരുത്.
- സ്ക്രീൻ ഷെയറിങ് ആപ്പുകളായ എനി ഡെസ്ക്, ടീം വ്യൂവർ പോലുള്ള ആപ്ലിക്കേഷനുകൾ ബാങ്ക് ഇടപാടുകൾക്കായി ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല. ബാങ്ക് സംബന്ധിച്ച കാര്യങ്ങൾക്ക് ഇവ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളോട് ആരെങ്കിലും ആവശ്യപ്പെട്ടാൽ തട്ടിപ്പുകാരാണെന്ന് ഉറപ്പിച്ചു കൊള്ളുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.