ഉത്തർപ്രദേശിൽ കവിയെ വീട്ടു തടങ്കലിലാക്കി സൈബർ തട്ടിപ്പുകാർ; മണിക്കൂറുകളോളം കവിത ചൊല്ലിപ്പിച്ചു
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ കവിയും എഴുത്തുകാരനുമായ നരേഷ് സക്സേനയെ വീട്ടു തടങ്കലിലാക്കി മണിക്കൂറുകളോളം കവിത ചൊല്ലിപ്പിച്ച് സൈബർ തട്ടിപ്പുകാർ. തട്ടിപ്പാണെന്ന് മനസിലാക്കി വീട്ടുകാർ ഇടപ്പെട്ടതോടെയാണ് സക്‌സേന രക്ഷപ്പെട്ടത്.
ലഖ്നോവിൽ നിന്നുള്ള സി.ബി.ഐ ഉദ്യോഗസ്ഥരാണെന്നും കള്ളപ്പണ കേസിൽ പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് സക്സേനയെ തട്ടിപ്പുകാർ സമീപിച്ചത്. തുടർന്ന് മണിക്കൂറുകളോളം സംസാരിച്ചു. സ്വന്തം കവിതകൾക്ക് പുറമെ മറ്റു കവിതകളും ചൊല്ലിച്ചു. അഞ്ച് മണിക്കൂറോളമാണ് ഇങ്ങനെ വ്യാജ 'ചോദ്യം ചെയ്യൽ' നീണ്ടുപോയത്. മണിക്കൂറുകളോളം മുറിയുടെ വാതിലടച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പണമൊന്നും നഷ്ടമാവാതെ രക്ഷപ്പെട്ടു. ഗോംതി നഗർ പൊലീസ് സ്റ്റേഷനിൽ അദ്ദേഹം പരാതി നൽകി.
ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. ഒരു പരിപാടിയിൽ പങ്കെടുക്കാനായി വീട്ടിൽ നിന്ന് ഇറങ്ങാൻ നേരത്താണ് വീഡിയോ കോൾ വന്നത്. ആധാർ കാർഡ് നഷ്ടപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. തന്റെ ആധാർ ഉപയോഗിച്ച് ആരോ ഒരാൾ മുംബൈയിൽ ബാങ്ക് അക്കൗണ്ട് തുറക്കുകയും അതിലൂടെ കോടികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും തുടർന്ന് മുബൈയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ശേഷം താൻ സി.ബി.ഐയിലെ ഉദ്യോഗസ്ഥനായ രോഹൻ ശർമയാണെന്ന് പരിചയപ്പെടുത്തി. അറസ്റ്റ് വാറണ്ട് ഉണ്ടെന്നും, എന്നാൽ ഇത്രയും സംസാരിച്ചപ്പോൾ താങ്കൾ നിരപരാധിയാണെന്ന് മനസിലായതിനാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്നും പറഞ്ഞു. അല്ലെങ്കിൽ നീണ്ട കാലം ജയിലിൽ കിടക്കേണ്ടി വന്നേനെ എന്നും ഭീഷണിപ്പെടുത്തി.
തുടർന്ന് ആധാർ ഉൾപ്പെടെയുള്ള രേഖകളെക്കുറിച്ച് ചോദിച്ചു. ബാങ്ക് അക്കൗണ്ടുകളും അതിലുള്ള പണവും ഇൻകം ടാക്സ് റിട്ടേണുകളെക്കുറിച്ചും അന്വേഷിച്ചു. പണം നിക്ഷേപം തുടങ്ങിയവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. പൊലീസ് യൂണിഫോമിലായിരുന്നതിനാൽ സംശയം തോന്നിയില്ലെന്ന് സക്സേന പറഞ്ഞു. മുറിയിൽ പുസ്തകങ്ങൾ കണ്ടപ്പോൾ അതിനെക്കുറിച്ച് അന്വേഷിച്ചു. തുടർന്ന് കവിത ചൊല്ലാൻ പറഞ്ഞു. മൂന്ന് മണിക്ക് തുടങ്ങിയ സംസാരം രാത്രി എട്ട് മണി വരെ നീണ്ടു.
തുടർന്ന് മുംബൈ സി.ബി.ഐയുടെ തലവൻ എന്ന് പരിചയപ്പെടുത്തി മറ്റൊരാളെത്തി. അയാൾക്കും കവിത കേൾക്കണമെന്ന് പറഞ്ഞു. കേസ് 24 മണിക്കൂറിനകം തീർപ്പാക്കാമെന്നും നിലവിൽ വീട്ടു തടങ്കലിൽ വെയ്ക്കുകയാണെന്നും ആയിരുന്നു അയാളുടെ വാക്കുകൾ. മുറിയുടെ വാതിൽ അടയ്ക്കാനും വീട്ടിൽ ആരോടും പറയരുതെന്നും നിർദേശിച്ചു. വീഡിയോ കോളിൽ തന്നെ കാണമെന്ന നിർദേശവും നൽകി. എന്നാൽ ഏറെ നേരമായിട്ടും മുറി തുറക്കാതെ വന്നപ്പോൾ വീട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു. മരുമകൾ മുറിയിൽ കയറി പരിശോധിച്ചപ്പോഴാണ് ഫോണിൽ വീഡിയോ കോൾ കണ്ടത്. ഉടൻ തന്നെ കോൾ കട്ട് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.