ഡിജിറ്റൽ അറസ്റ്റിലൂടെ സൈബർ സംഘം പണം തട്ടിയെന്ന്
text_fieldsബംഗളൂരു: പാഴ്സലില്‍ മയക്കുമരുന്നെന്ന് അറിയിച്ച് 40കാരിയായ സോഫ്റ്റ്വെയർ എൻജിനീയറെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത സംഘം കോടി രൂപ തട്ടിയെടുത്തതായി പരാതി.
യുവതിയുടെ പേരില്‍ വന്ന പാഴ്സലില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതായി അറിയിച്ചാണ് തട്ടിപ്പ് സംഘം ഇവരെ കബളിപ്പിച്ചത്.അനധികൃതമായ പല പണമിടപാടുകളും ഇവർ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയറായ യുവതിക്ക് ഈ മാസം 16നാണ് ഫെഡ് എക്സ് ലോജിസ്റ്റിക് എക്സിക്യൂട്ടിവിന്റെ പേരില്‍ ഫോണ്‍ വിളി എത്തിയത്.
തായ്വാനിലേക്ക് യുവതിയുടെ പേരില്‍ അയച്ച പാഴ്സലില്‍ നിന്ന് 200 ഗ്രാം എം.ഡി.എം.എയും നിരവധി പാസ്പോർട്ടുകളും വസ്ത്രങ്ങളും കണ്ടെത്തിയെന്നും, ഇത് മുംബൈ വിമാനത്താവളത്തില്‍ പിടികൂടിയതായുമാണ് അറിയിച്ചത്.പിന്നാലെ കസ്റ്റംസ് ഓഫിസില്‍ നിന്നെന്നപേരില്‍ യുവതിക്ക് ഫോണ്‍ വിളിയെത്തി. ഇതോടെ ഭയന്നുപോയ യുവതിയോട് സ്കൈപ് കോളില്‍ വരാൻ കസ്റ്റംസ് ഓഫിസർ ചമഞ്ഞ് വിളിച്ച തട്ടിപ്പ് സംഘാംഗം ആവശ്യപ്പെടുകയായിരുന്നു. മറ്റാരുമായും ബന്ധപ്പെടരുതെന്നും മുറിയില്‍ കയറി വാതില്‍ അടക്കണമെന്നും നിർദേശം നല്കി.
യുവതിയുടെ ആധാർ നമ്പർ എടുത്ത് കാള്‍ മുംബൈ പൊലീസിന് കൈമാറുകയാണെന്നും വിശദമാക്കി. പിന്നീട് പൊലീസ് സ്റ്റേഷന് സമാനമായ പശ്ചാത്തലത്തില്‍ ഒരാള്‍ യുവതിയോട് സംസാരിച്ചു. പിന്നാലെ മറുവശത്തെ വിഡിയോ കട്ടാക്കിയ തട്ടിപ്പ് സംഘം യുവതിയുടെ കാമറ ഓണാക്കിത്തന്നെ വെക്കണമെന്നും നിർദേശിച്ചു. തുടർന്ന് ഉദ്യോഗസ്ഥരെന്ന വ്യാജേന നിരവധി പേരാണ് യുവതിയോട് സംസാരിച്ചത്.
ഇതിനിടയില്‍ വെരിഫിക്കേഷനെന്ന പേരില്‍ യുവതിയുടെ ബാങ്ക് അക്കൗണ്ട് നമ്പറും സംഘം കൈക്കലാക്കി. കള്ളപ്പണം വെളുപ്പിച്ചതിന് ആർ.ബി.ഐ യുവതിയുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്നും വിശദമാക്കിയ സംഘം സ്വത്ത് വിവരങ്ങളും ശേഖരിച്ചു. അടുത്ത ദിവസം വാട്സ് ആപ് കാള്‍ മുഖേന യുവതിയെ ബന്ധപ്പെട്ട സംഘം ആവശ്യപ്പെട്ട കോടിയോളം രൂപ മൂന്ന് തവണയായി നിർദേശിച്ച അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.ഈ സമയങ്ങളിലും യുവതി ഡിജിറ്റല്‍ അറസ്റ്റ് തുടരുകയായിരുന്നു. സ്വത്ത് വെരിഫിക്കേഷനെന്ന പേരിലായിരുന്നു പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടത്. വെരിഫിക്കേഷനുശേഷം പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് വ്യക്തമായത്. സംഭവത്തില്‍ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.