ദാന ചുഴലിക്കാറ്റ്: കനത്ത മഴയിൽ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾ
text_fieldsകൊൽക്കത്ത: ദാന ചുഴലിക്കാറ്റിനെ തുടർന്ന് വ്യാഴാഴ്‌ച അർധരാത്രിക്ക് ശേഷം ഒഡിഷയുടെ തീരദേശ ജില്ലകളിൽ അതിശക്തമായ മഴയും കൊടുങ്കാറ്റും തുടരുന്നു. പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും വീശിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 400 ട്രെയിനുകൾ റദ്ദാക്കി. അതിനിടെ, ചുഴലിക്കാറ്റിനെ തുടർന്ന് അടച്ചിട്ട കൊൽക്കത്ത, ഭുവനേശ്വർ വിമാനത്താവളങ്ങളിലെ സർവീസുകൾ പുനരാരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ രണ്ട് വിമാനത്താവളങ്ങളും അടച്ചിട്ടിരുന്നു. മുൻകരുതൽ നടപടിയായി കൊൽക്കത്ത തുറമുഖ അധികൃതർ വെള്ളിയാഴ്ച വൈകുന്നേരം വരെ കപ്പൽ ഗതാഗതം നിർത്തിവച്ചു. ദാന ചുഴലിക്കാറ്റ് കണക്കിലെടുത്ത് ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.
അതിനിടെ, വലിയ നാശനഷ്ടങ്ങളൊന്നും കൂടാതെ ദന ചുഴലിക്കാറ്റിനെ നേരിടാൻ കഴിഞ്ഞതായും ‘സീറോ കാഷ്വാലിറ്റി’ ദൗത്യം വിജയിച്ചതായും ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. ചുഴലിക്കാറ്റ് വടക്കൻ തീരപ്രദേശമായ ഒഡിഷയിൽ കേന്ദ്രീകരിച്ചിരിക്കുന്നതായും ധമാര, ഹബാലിഖാത്തി പ്രകൃതി ക്യാമ്പിന്റെ വടക്ക്-വടക്കുപടിഞ്ഞാറ് ഭാഗത്തായി ദുർബലപ്പെട്ടതായും അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നത് തുടരുമെന്നും അടുത്ത ആറ് മണിക്കൂറിനുള്ളിൽ ആഴത്തിലുള്ള ന്യൂനമർദമായി മാറുമെന്നും കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിൻ പറയുന്നു. മരം വീണ് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
ഗതാഗത മാർഗങ്ങൾ തകരാറിലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യാഴാഴ്ച രാത്രി ഒഡീഷ മുഖ്യമന്ത്രിയുമായി സംസാരിച്ച് ദാന ചുഴലിക്കാറ്റിനെ തുടർന്ന് സ്വീകരിച്ച നടപടികളെക്കുറിച്ച് ആരാഞ്ഞു. ചുഴലിക്കാറ്റും അതിന്റെ പ്രത്യാഘാതങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഒഡിഷ സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ പിന്തുണയും സഹായവും പ്രധാനമന്ത്രി മോദി ഉറപ്പുനൽകി.
ഒഡീഷയുടെ തീരപ്രദേശങ്ങളിൽ നിരവധി റോഡുകൾ തടസ്സപ്പെട്ടിരിക്കുകയാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഹൗറയിലെ സർക്കാർ കൺട്രോൾ റൂമിൽ നിന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലും കനത്ത മഴ പെയ്തിരുന്നു. ഒഡീഷയിൽ മുൻകരുതൽ നടപടിയായി ഏകദേശം 5.84 ലക്ഷം ആളുകളെ ഒഴിപ്പിച്ചതായി സർക്കാർ റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ 3.5 ലക്ഷത്തിലധികം ആളുകളെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചതായി മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
ബംഗാൾ ഉൾക്കടലിലും ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവയുടെ തീരപ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ മുതൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.