ദാന ചുഴലിക്കാറ്റ്: ബാധിച്ചത് 35 ലക്ഷത്തിലധികം ആളുകളെ, മാറ്റിപ്പാർപ്പിച്ചത് എട്ടുലക്ഷം പേരെ
text_fieldsഭുവനേശ്വർ: ദാന ചുഴലിക്കാറ്റ് ഒഡിഷയിൽ 35 ലക്ഷത്തിലധികം പേരെ ബാധിച്ചതായി റിപ്പോർട്ട്. കേന്ദ്രപാറ, ബാലസോർ, ഭദ്രക് എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. സംസ്ഥാന റവന്യൂ-ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരിയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ആളപായം ഇല്ല എന്നാണ് റിപ്പോർട്ട്. ഒഡിഷയിലെ മൊത്തം 35.95 ലക്ഷം ആളുകളെ ദാന ചുഴലിക്കാറ്റും തുടർന്നുള്ള 14 ജില്ലകളിലെ വെള്ളപ്പൊക്കവും ബാധിച്ചു.
6,210 ചുഴലിക്കാറ്റ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് 8,10,896 പേരെ മാറ്റിപ്പാർപ്പിച്ചതായും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ വീശിയടിച്ച ദാന ചുഴലിക്കാറ്റ് 14 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന1,671 ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളെ ബാധിച്ചതായി അദ്ദേഹം പറഞ്ഞു.
ചുഴലിക്കാറ്റും തുടർന്നുള്ള വെള്ളപ്പൊക്കവും കാരണം 5,840 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. വെള്ളിയാഴ്‌ച പുലർച്ചെ കിഴക്കൻ തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റിന്റെ ഫലമായി വലിയ വിളനാശം സംഭവിച്ചിട്ടുണ്ടെന്നും പൂജാരി പറഞ്ഞു.
ബാലസോർ ജില്ലയിലെ കൻസബൻസ നദി കരകവിഞ്ഞൊഴുകുന്നതായും സോറോ ബ്ലോക്കിന് കീഴിലുള്ള ചില ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചതായും മന്ത്രി പറഞ്ഞു.
നാശനഷ്ടങ്ങളുടെ വിലയിരുത്തൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് പ്രത്യേക ദുരിതാശ്വാസ കമ്മീഷണർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൂജാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.