Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിഗ്ജോം ആന്ധ്ര തീരം...

മിഗ്ജോം ആന്ധ്ര തീരം കയറി; ദക്ഷിണ ജില്ലകളിൽ വ്യാപക നാശം

text_fields
bookmark_border
മിഗ്ജോം ആന്ധ്ര തീരം കയറി; ദക്ഷിണ ജില്ലകളിൽ വ്യാപക നാശം
cancel

അമരാവതി/ചെന്നൈ: ചെന്നൈ നഗരത്തിലടക്കം നാശംവിതച്ച മിഗ്ജോം ചുഴലിക്കൊടുങ്കാറ്റ്, പെരുമഴയുടെ അകമ്പടിയോടെ ചൊവ്വാഴ്ച ആന്ധ്രപ്രദേശ് തീരം തൊട്ടു.

മുൻകരുതലായി ദക്ഷിണ ആന്ധ്രയിൽ വ്യാപക ഒഴിപ്പിക്കൽ നടത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12.30നും 2.30നും ഇടയിൽ, 90-100 കിലോമീറ്റർ വേഗത്തിൽ ബാപട്‍ല ജില്ലയിൽ അടിച്ചുകയറിയ ചുഴലിയിലും മഴയിലും ആന്ധ്രയിലെ നെല്ലൂർ, പ്രകാശം ജില്ലകളും നിശ്ചലമായി. മേഖലയിലെ വിവിധ വിമാനത്താവളങ്ങൾ അടച്ചിട്ടു.

അമ്പതോളം വിമാനങ്ങൾ റദ്ദാക്കി. നൂറു ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കാര്യമായ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വടക്കോട്ട് നീങ്ങി ചുഴലി ദുർബലമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണവിഭാഗം പറയുന്നത്. ചുഴലിയുടെ അവശേഷിക്കുന്ന ഭാഗം കടലിലേക്കു നീങ്ങുന്നുണ്ടെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മേഖലയിൽ റോഡുകൾ തകരുകയും ജലാശയങ്ങൾ കരകവിയുകയും ചെയ്തിട്ടുണ്ട്. വൻ കൃഷിനാശവുമുണ്ടായി. ദുരന്തബാധിത ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി ഉന്നത ഉദ്യോഗസ്ഥസംഘത്തെ നിയോഗിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.

ആന്ധ്രയിൽ വിശാഖ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുഴലിക്കാറ്റും മഴയും വൻ നാശം വിതച്ചിട്ടുണ്ട്. ബാപട്‍ലയിൽ 12 കമ്പനി എൻ.ഡി.ആർ.എഫ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചുഴലിക്കൊടുങ്കാറ്റിന്റെ ഫലമായി വ്യാപക മഴ മുന്നറിയിപ്പുണ്ടായതിന്റെ പശ്ചാത്തലത്തിൽ തെലങ്കാനയിലും ഒഡിഷയിലും ജാഗ്രത നിർദേശമുണ്ട്.

ഇതിനിടെ, ചുഴലിക്കാറ്റിനെ തുടർന്ന് തിങ്കളാഴ്ച ചെന്നൈ നഗരത്തെ മുക്കിയ മിന്നൽപ്രളയത്തിൽ മരണം 12 ആയി. മഴ കുറഞ്ഞെങ്കിലും നഗരത്തിൽ വൈദ്യുതി ബന്ധം വ്യാപകമായി മുടങ്ങിയിരിക്കുകയാണ്. എന്നാൽ 80 ശതമാനവും പുനഃസ്ഥാപിച്ചതായി അധികൃതർ പറയുന്നു. ഒഴുകിപ്പോകാൻ വഴിയില്ലാതെ നഗരത്തിൽ കെട്ടിക്കിടക്കുന്ന പ്രളയജലം ഒഴിവാക്കാൻ എൻ.എൽ.സി ഇന്ത്യ ലിമിറ്റഡിന്റെ പടുകൂറ്റൻ പമ്പുസെറ്റുകൾ എത്തിച്ചിട്ടുണ്ട്. ചെന്നൈയുടെ പടിഞ്ഞാറൻ മേഖലയായ താംബരത്തെ കൃഷ്ണനഗറിൽ ഒട്ടേറെ പേരെ ചൊവ്വാഴ്ചയും ഒഴിപ്പിച്ചു. അഡയാർ നദി കരകവിഞ്ഞൊഴുകുകയാണ്. പലയിടത്തും റെയിൽവേ ട്രാക്കുകളിൽ വെള്ളം നിൽക്കുകയാണ്. ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെയോടെ പ്രവർത്തിച്ചുതുടങ്ങി.

2015ലെ പ്രളയകാലത്തേക്കാൾ കൂടുതൽ മഴ രണ്ടുദിവസംകൊണ്ട് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ കുറ്റമറ്റ ഒഴിപ്പിക്കൽ പദ്ധതികൾ കാരണം നാശം കുറക്കാൻ സാധിച്ചുവെന്നും ഡി.എം.കെ നേതാവ് കനിമൊഴി എം.പി അവകാശപ്പെട്ടു.

മീൻപിടിത്ത ബോട്ടുകളും ട്രാക്ടറുകളും മറ്റും ഉപയോഗിച്ച് നഗരത്തിൽ ആളുകളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദുരിതാശ്വാസ സാമഗ്രികൾ യുദ്ധകാലാടിസ്ഥാനത്തിൽ വിതരണം ചെയ്തു തുടങ്ങിയതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.

പ്രളയക്കെടുതിയിലായ തമിഴ്നാടിന് സാധ്യമായ എല്ലാ സഹായവും നൽകാൻ തയാറാകണമെന്നും ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നും രാജ്യെത്ത പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyclone Michaung
News Summary - Cyclone Michaung LIVE Updates
Next Story