നിസർഗ ചുഴലിക്കാറ്റ്: മുംബൈയിൽ ട്രെയിനുകൾക്ക് സമയ മാറ്റം
text_fieldsമുംബൈ: ബുധനാഴ്ച മുംബൈയിൽ നിന്ന് പുറപ്പെടുകയും എത്തുകയും ചെയ്യേണ്ട നിരവധി പ്രത്യേക ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി.നിസർഗ ചുഴലിക്കാറ്റ് വീശിയടിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് നടപടി. ഗോരഖ്പുർ, ദർഭംഗ, വാരണാസി എന്നിവിടങ്ങളിലേക്കും മറ്റ് ചില ഭാഗങ്ങളിലേക്കും പോകേണ്ട ട്രെയിനുകളുടെ നേരത്തേ നിശ്ചയിച്ച സമയക്രമത്തിലാണ് മാറ്റം വരുത്തിയത്.
ബുധനാഴ്ച 11.10ന് പുറപ്പെടേണ്ടിയിരുന്ന 02542 എൽ.ടി.ടി-ഗോരഖ്പുർ പ്രത്യേക ട്രെയിൻ രാത്രി എട്ട് മണിക്ക് പുറപ്പെടും. 11.40ന് മുംബൈയിൽ നിന്ന് പോകേണ്ടിയിരുന്ന 06345 എൽ.ടി.ടി- തിരുവനന്തപുരം പ്രത്യേക ട്രെയിൻ വൈകുന്നേരം ആറ് മണിക്കാവും പുറപ്പെടുക. ഉച്ചക്ക് 12.15ന് പുറപ്പെടേണ്ട 01061 എൽ.ടി.ടി-ദർഭംഗ പ്രത്യേക ടെയിൻ രാത്രി 8.30നും 12.40ന് പുറപ്പെടാൻ നിശ്ചയിച്ച 01071 എൽ.ടി.ടി- വാരണാസി പ്രത്യേക ട്രെയിൻ ഒമ്പത് മണിക്കും പുറപ്പെടും. 03.05ന് പോകേണ്ട 01019 സി.എസ്.എം.ടി-ഭുവനേശ്വർ പ്രത്യേക ട്രെയിൻ എട്ട് മണിക്ക് പുറപ്പെടുമെന്നും കേന്ദ്ര റെയിൽവേയുടെ മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അതുപോലെ, ബുധനാഴ്ച മുംബൈയിൽ എത്തേണ്ടതായ ചില പ്രത്യേക ട്രെയിനുകളും റെയിൽവേ അധികൃതർ നിയന്ത്രിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. 11.30 ന് എത്തിച്ചേരേണ്ട 03201 പട്ന-എൽ.ടി.ടി പ്രത്യേക ട്രെയിൻ, 2.15ന് എത്തേണ്ട 01094 വാരണാസി-സി.എസ്.എം.ടി പ്രത്യേക ട്രെയിൻ എന്നിവ മുൻ നിശ്ചയിച്ചതിലും നേരത്തേ എത്തിച്ചേരും. 4.40ന് എത്തേണ്ട 06436 തിരുവനന്തപുരം-എൽ.ടി.ടി പ്രത്യേക ട്രെയിൻ പുനെ വഴി തിരിച്ചുവിടുകയും മുൻ നിശ്ചയിച്ചതിലും നേരത്തേ എത്തിച്ചേരുകയും ചെയ്യും.
ട്രെയിനുകളുടെ സമയക്രമം മാറ്റിയതിനു പുറമെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുകയും അവിടേക്ക് എത്തിച്ചേരുകയും ചെയ്യുന്ന 19 വിമാനങ്ങൾ സർവീസ് നടത്തും. എയർ ഏഷ്യ ഇന്ത്യ, എയർ ഇന്ത്യ, ഇൻഡിഗോ, ഗോ എയർ, സ്പൈസ് ജെറ്റ് എന്നിവയുടെ മുംബൈയിൽ നിന്ന് പുറപ്പെടേണ്ട 11 വിമാനങ്ങളും എത്തിച്ചേരേണ്ട എട്ട് വിമാനങ്ങളുമാണ് സർവീസ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.