റിമാൽ ചുഴലിക്കാറ്റ് 135 കിലോമീറ്റർ വേഗതയിൽ കരതൊടും; കനത്ത ജാഗ്രതാ നിർദേശം, കൊൽക്കത്തയിൽ വിമാന സർവീസുകൾ നിർത്തിവച്ചു
text_fieldsകോൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റിമാൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. 110 മുതൽ 135 കീലോമിറ്റർ വേഗതയിലാകും കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ശക്തമായ ചുഴലിക്കാറ്റായി ഇത് മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു
ഇതിന്റെ ഭാഗമായി പശ്ചിമ ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച്, ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ, തീരദേശ ബംഗ്ലാദേശ്, ത്രിപുര, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മറ്റ് ചില ഭാഗങ്ങൾ എന്നിവയെ സാരമായി ബാധിക്കും. എന്നാൽ, കാറ്റ് കേരളത്തിനെ ബാധിക്കില്ലെന്നാണ് നിഗമനം. കാറ്റിന്റെ ശക്തി ചൊവ്വാഴ്ചയോടെ കുറയും. മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ട്. മുന്നറിയിപ്പ് സമയങ്ങളിൽ ആളുകൾ വീട്ടിൽ തന്നെ തുടരാനും പുറത്തിറങ്ങുന്നത് ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് കണക്കിലെടുത്ത് കൊൽക്കത്ത വിമാനത്താവളം ഞായറാഴ്ച മുതൽ 21 മണിക്കൂർ വിമാന സർവീസുകൾ നിർത്തിവച്ചതായി അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ഈ മൺസൂണിന് മുമ്പുള്ള ആദ്യ ചുഴലിക്കാറ്റാണ് ‘റിമാൽ’ . ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചുഴലിക്കാറ്റുകൾക്ക് പേരിടുന്ന സമ്പ്രദായമനുസരിച്ച്, ‘റിമാൽ’ എന്നാൽ അറബിയിൽ ‘മണൽ’ എന്നാണ് അർത്ഥമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.