സൈറസ് മിസ്ത്രിയുടെ അപകട മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രിയുടെ അപകട മരണത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് പൊലീസ് മേധാവിക്ക് അന്വേഷണത്തിന് ഉത്തരവ് നൽകിയത്. അപകട മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും.
മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ സൂര്യ നദി ചരോട്ടി പാലത്തിലാണ് അപകടമുണ്ടായത്. ഗുജറാത്തിൽനിന്ന് തന്റെ കാറിൽ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു മിസ്ത്രി. കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ഇദ്ദേഹത്തിനൊപ്പം കാറിലുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മിസ്ത്രിയുടെ മരണം ഏറെ വേദനയുണ്ടാക്കിയെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അദ്ദേഹത്തിന്‍റെ കുടുംബത്തേയും ബന്ധുക്കളെയും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും മിസ്ത്രിയുടെ മരണത്തിൽ അനുശോചനമറിയിച്ചു.
വൈകീട്ട് 3.30ഓടെയായിരുന്നു അപകടം. മേഴ്സിഡെസ് ബെൻസിൽ സഞ്ചരിക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.