സൈറസ് മിസ്ത്രിക്ക് അന്ത്യാഞ്ജലി
text_fieldsമുംബൈ: കാറപകടത്തിൽ മരിച്ച ടാറ്റ സൺസ് ഗ്രൂപ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വർളി ശ്മശാനത്തിൽ നടന്നു. ബന്ധുക്കളും സുഹൃത്തുക്കളും വ്യവസായപ്രമുഖരും രാഷ്ട്രീയനേതാക്കളുമടങ്ങുന്ന നീണ്ടനിര അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു.
അനിൽ അംബാനി, അജിത് ഗുലാബ് ചന്ദ്, ദീപക്ക് പരേഖ്, എൻ.സി.പി നേതാവ് സുപ്രിയ സുലെ, മിലിന്ദ് ദേവ്റ അടക്കം പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. രത്തൻ ടാറ്റയുടെ രണ്ടാനമ്മ 92കാരിയായ സിമോണ ടാറ്റയും സംസ്കാരച്ചടങ്ങിനെത്തി. ടി.സി.എസ് മുൻ ചെയർമാൻ എസ്. രാമദൊരൈ ഒഴികെ ടാറ്റാ ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരാരും ചടങ്ങിൽ പങ്കെടുത്തില്ല. പാഴ്സി ആചാരപ്രകാരമാണ് സംസ്കാരച്ചടങ്ങ് നടന്നത്.
സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലെ റോഡ് ഡിവൈഡറിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചത്. മിസ്ത്രിയും (54) കുടുംബസുഹൃത്ത് ജഹാംഗീർ ബിൻഷാ പന്തൊളെയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബിൻഷായുടെ സഹോദരൻ ഡാരിയസ് പന്തൊളെ, ഭാര്യ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനഹിത എന്നിവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇവർ മുംബൈ സർ എച്ച്.എൻ ഫൗണ്ടേഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഡോ. അനഹിതയാണ് കാർ ഓടിച്ചിരുന്നത്. അപകടം നടക്കുമ്പോൾ കാർ 180-190 കിലോമീറ്റർ വേഗതയിലായിരുന്നെന്ന് പൊലീസ് കണ്ടെത്തി.
മെഴ്സിഡസ് ബെൻസിലെ വിദഗ്ധരടങ്ങുന്ന സംഘം അപകടസ്ഥലത്തെത്തി പരിശോധന നടത്തി. അമിതവേഗവും ഓവർടേക്കിങ്ങിലെ പിഴവുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനപരിശോധനയുടെ ഫലം കൂടി വിലയിരുത്തിയശേഷം അന്തിമ നിഗമനത്തിലെത്തുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.