'കേരളത്തിലായാലും യു.പിയിലായാലും പൊലീസിന് വീഴ്ചയുണ്ടായാൽ ചോദ്യമുയരും'; ആനി രാജയെ പിന്തുണച്ച് ഡി. രാജ
text_fieldsന്യൂഡൽഹി: കേരള പൊലീസിനെതിരെ സി.പി.ഐ ദേശീയ നേതാവ് ആനി രാജ നടത്തിയ വിമർശനം വിവാദമായ സാഹചര്യത്തിൽ പിന്തുണയുമായി പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ. കേരളത്തിലായാലും യു.പിയിലായാലും പൊലീസിന് വീഴ്ചയുണ്ടായാൽ ചോദ്യമുയരുമെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസ് ജനങ്ങളുടെ സുഹൃത്തായിരിക്കണം. പൊലീസ് ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കുകയും ഇരകൾക്ക് നീതി ഉറപ്പാക്കുകയും ചെയ്യണമെന്നതാണ് സി.പി.ഐയുടെ നിലപാടെന്നും ഡി. രാജ പറഞ്ഞു.
കേരള പൊലീസിൽ ആർ.എസ്.എസ് ഗാങ് പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നായിരുന്നു ആനി രാജയുടെ പ്രസ്താവന. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ല.
സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പും പൂർണ സമയ മന്ത്രിയും വേണമെന്ന ആവശ്യമുന്നയിച്ച ആനി രാജ പൊലീസിന് ഗാർഹിക പീഡന നിയമത്തെ കുറിച്ച് ബോധവത്കരണം നൽകണമെന്നും നിർദേശിച്ചു. മുന്നണിക്ക് മുമ്പിൽ ഈ വിഷയം ഉയർത്തുകയാണെന്നും ആനി രാജ പറഞ്ഞിരുന്നു.
എന്നാൽ, ആനിരാജയുടെ വിമർശനം തള്ളുകയാണ് സി.പി.ഐ സംസ്ഥാന നേതൃത്വം ചെയ്തത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യത്തിൽ പാർട്ടി നിലപാട് അറിയിച്ചത്. സി.പി.ഐ സംസ്ഥാന നേതൃത്വത്തിനോ നേതാക്കൾക്കോ അത്തരമൊരു അഭിപ്രായമില്ലെന്ന് കാനം പറഞ്ഞു.
ഈ നിലപാട് ദേശീയ നേതൃത്വത്തേയും ആനി രാജയേയും അറിയിച്ചിട്ടുണ്ട്. വിഷയം പാർട്ടി ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ആനി രാജയുടെ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നും കാനം പറഞ്ഞിരുന്നു.
ആനി രാജക്ക് കിട്ടിയ വിവരങ്ങൾ എന്താെണന്ന് മനസ്സിലാക്കാൻ ശ്രമിക്കുമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി.
'അവർ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷത്തെ പ്രധാന നേതാവാണ്. ഏതെങ്കിലും വിവരത്തിെൻറ അടിസ്ഥാനത്തിലാവും പരാമർശങ്ങൾ നടത്തിയത്. അവർക്ക് കിട്ടിയ വിവരങ്ങൾ എന്താെണന്ന് മനസ്സിലാക്കാൻ ശ്രമിക്കും' -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.